KSDLIVENEWS

Real news for everyone

ബോവിക്കാനത്തേക്ക് വഴി തുറക്കാന്‍ പാലങ്ങൾ വരുന്നു

SHARE THIS ON

പൊയിനാച്ചി: 15 വർഷത്തെ കാത്തിരിപ്പിനുശേഷം ബാവിക്കര റഗുലേറ്റർ നാടിന് സമർപ്പിക്കുമ്പോൾ നാടിനെ കൂട്ടിയിണക്കി പ്രദേശത്ത് ഒരു പാലംകൂടി വരുന്ന സന്തോഷത്തിലാണ് നാട്ടുകാർ. ചെമ്മനാട്-മുളിയാർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തി 146 മീറ്റർ നീളത്തിലും 16 മീറ്റർ ഉയരത്തിലുമായി രണ്ടുവരി പാതയായാണ് പുതിയപാലം.

ഇതിന്റെ രൂപരേഖ തിരുവനന്തപുരത്തെ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് (ഐ.ഡി.ആർ.ബി.) തയ്യാറാക്കിവരുന്നു. ബാവിക്കര റെഗുലേറ്ററിന്റെ 10 മീറ്റർ താഴെയാണ് പാലത്തിന്റെ സ്ഥാനം. ഇതിന്റെ അന്തിമരൂപരേഖ തയ്യാറാക്കാൻ ഐ.ഡി.ആർ.ബി. ചീഫ് എൻജിനീയർ ഡി.ബിജു ശനിയാഴ്ച പദ്ധതിപ്രദേശം സന്ദർശിച്ചു. ഐ.ഡി.ആർ.ബി. ഡയറക്ടർ പ്രിയേഷ്, ജോയിൻറ് ഡയറക്ടർ രഞ്ജിത, ഡെപ്യൂട്ടി ഡയറക്ടർ ലേഖ, ചെറുകിട ജലസേചന വിഭാഗം എക്സി. എൻജിനീയർ പി.ടി.സഞ്ജീവ്, അസി. എക്സി. എൻജിനീയർ പി.രത്നാകരൻ, അസി. എൻജിനീയർ രജിത എന്നിവരും ഒപ്പമുണ്ടായിരുന്നു.

2021-22-ലെ സംസ്ഥാന ബജറ്റിൽ ബാവിക്കര പാലത്തിന് ടോക്കൺ തുക നീക്കിവെച്ചതിനാൽ ഇത് യാഥാർഥ്യമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നാട്ടുകാർ. രൂപരേഖ സർക്കാർ അംഗീകരിക്കുന്നതോടെ വിശദ പദ്ധതിരേഖ തയ്യാറാക്കും. തുടർന്ന് സാമ്പത്തികാനുമതി ലഭ്യമായ ശേഷം ടെൻഡർ നടപടികളിലേക്ക് കടക്കുന്നതാണ് പ്രക്രിയ

വഴിമാറിയ ട്രാക്ടർവേ

ബാവിക്കര റഗുലേറ്റർ കം ബ്രിഡ്ജാണ് ആദ്യം പരിഗണനയിലുണ്ടായിരുന്നത്. റഗുലേറ്റർ രണ്ട് ഘട്ടമായി രണ്ട് ഡിസൈനിൽ പണിയേണ്ടിവന്ന സാഹചര്യത്തിലാണ് ട്രാക്ടർ വേ അപ്രായോഗികമായത്. പാലം വേണമെന്ന നിലപാടിൽ കെ.കുഞ്ഞിരാമൻ എം.എൽ.എ. ഉറച്ചുനിന്നതോടെയാണ് പുതിയൊരു പാലത്തിന്റെ ആവശ്യകതയെപ്പറ്റി ജലവിഭവ വകുപ്പിൽ സമ്മർദമേറിയത്. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം പാലത്തിനുവേണ്ടി ഇൻവെസ്റ്റിഗേഷൻ നടപടി കഴിഞ്ഞവർഷം നടന്നിരുന്നു.

കുറയുന്നത് എട്ട് കിലോമീറ്റർ

ചട്ടഞ്ചാൽ-പള്ളത്തുങ്കാൽ-റോഡിനെ ബന്ധപ്പെടുത്തിയുള്ള മഹാലക്ഷ്മിപുരം കടവ് റോഡിനെയും ബേവിഞ്ച-ആലൂർ-ഇരിയണ്ണി പി.ഡബ്ലു.ഡി. റോഡിനെ ബന്ധപ്പെടുത്തിയുള്ള മുണ്ടക്കൈ കടവ് റോഡിനെയും ചേർത്താണ് പുതിയപാലം വരുന്നത്. ചട്ടഞ്ചാലിൽനിന്ന് മഹാലക്ഷ്മിപുരം കടവിലേക്ക് രണ്ടര കിലോമീറ്ററും മുണ്ടക്കൈ കടവിൽനിന്ന് ബോവിക്കാനത്തേക്ക് മൂന്നര കിലോമീറ്ററുമാണുള്ളത്. ചെർക്കള ദേശീയപാത ചുറ്റിയുള്ള എട്ട് കിലോമീറ്റർദൂരം ഇതുവഴി ലാഭിക്കാം. രണ്ടു ഭാഗത്തുമുള്ള സമീപന റോഡ് അഭിവൃദ്ധിപ്പെടുത്തുകയും പ്രധാനറോഡ് വികസിപ്പിക്കുകയും ചെയ്യേണ്ടിവരും.

വരുന്നത് നാല് പാലങ്ങൾ

ബാവിക്കര റെഗുലേറ്ററിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ചെമ്മനാട്, മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകൾ അതിരിടുന്ന പയസ്വിനിപ്പുഴയിൽ നാല് വലിയ പാലങ്ങളാണ് സമീപഭാവിയിൽ വരാൻപോകുന്നത്. ബാവിക്കര കൂടാതെ അരമനപ്പടിപ്പാലവും ചൊട്ട പാലവും മുളിയാറിനെ ബന്ധപ്പെടുത്തുമ്പോൾ മുനമ്പം പാലം ബേഡഡുക്കയെയും ചെമ്മനാടിനെയും കൂട്ടിയിണക്കുന്നതാണ്. ബാവിക്കരയടുക്കവുമായി കൂട്ടിയിണക്കുന്ന അരമനപ്പടി പാലത്തിന്റെ വിശദ പദ്ധതിരേഖ ഇതിനകം തയ്യാറായിട്ടുണ്ട്

പെർളടുക്കം ടൗണുമായി ബന്ധപ്പെട്ട് ആയംകടവ് പാലം വഴി ദേശീയപാതയിലെ പെരിയയുമായി ഇതുകൂടി ചേരും അരിയിൽ, കുണിയേരി, ഇരിയണ്ണി പ്രദേശങ്ങളെ കുണ്ടംകുഴിയുമായി ബന്ധപ്പെടുത്തുന്ന ചൊട്ടപാലം കിഫ്ബി പദ്ധതിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഡി.പി.ആറും തയ്യാറായിട്ടുണ്ട്. പാലം കൂടിച്ചേരുന്ന ഭാഗം സ്വകാര്യ വ്യക്തിയുടേതായതിനാൽ ഇതുസംബന്ധിച്ച സമ്മതപത്രം ലഭിക്കുന്നതോടെ മറ്റുനടപടികൾ കിഫ്ബി തുടങ്ങും. കല്ലളിയെ മഹാലക്ഷ്മിപുരവുമായി ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിനും സാധ്യതാപഠനം രണ്ടുവർഷം മുൻപ് പൂർത്തിയായതാണ്. ഈ പാലങ്ങൾ വന്നാൽ ദേശീയപാത തൊടാതെ എളുപ്പം ബോവിക്കാനം ഭാഗത്തേക്ക് എത്താനാകും. നാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ് ഇവ നാലും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!