ഗൾഫിൽ നിന്ന് 84 കോടിയുമായി തൃക്കരിപ്പൂർ , കാഞ്ഞങ്ങാട് സ്വദേശികൾ മുങ്ങി

കാഞ്ഞങ്ങാട് : ഗൾഫിലെ ബാങ്കുകളിൽ നിന്ന് 84 കോടി രൂപ വായ്പയെടുത്ത് മുങ്ങിയെന്ന പരാതിയിൽ കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ സ്വദേശികളായ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു . തൃശൂർ , കൈപ്പമംഗലം , പാലാട്ട് ഹൗസിലെ പി എസ് അസിന്റെ പരാതി പ്രകാരമാണ് കേസ് . എറണാകുളത്തെ ഒരു നിർമ്മാണ കമ്പനിയുടെ ഉടമസ്ഥനാണ് പരാതിക്കാരനായ അസിൻ . ഇയാളെ പവർ ഓഫ് അറ്റോണിയാക്കി ഗൾഫിലെ ഓയിൽ കമ്പനി ഉടമയായ തൃക്കരിപ്പൂർ , എളമ്പച്ചി ചേലത്ത് തുരുത്തുമ്മലിലെ അബ്ദുൾ റഹ്മാൻ ഷാർജയിലെ ബാങ്കിൽ നിന്നു കോടികണക്കിന് രൂപ വായ്പയെടുത്തിരുന്നു . 2007 ഒക്ടോബർ നാലിനും 2018 ജനുവരി 23 നും ഇടയിലായിരുന്നു വായ്പയെടുത്തിരുന്നത് . ഇതിൽ നിന്നു ചെറിയൊരു തുക തിരിച്ചടച്ചു . 83,36,65,507 രൂപ ഇനിയും തിരിച്ചടക്കാൻ ഉണ്ടെന്നും അതിന് തയ്യാറാകാതെ കമ്പനി പൂട്ടി അബ്ദുൾ റഹ്മാൻ മുങ്ങുകയായിരുന്നുവെന്നും അസിൻ ചന്തേര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു . അസിന്റെ മറ്റൊരു പരാതി . പ്രകാരം കാഞ്ഞങ്ങാട് , അജാനൂർ പാലക്കിയിലെ നാരായണനെതിരെ ഹൊസൂർഗ്ഗ് പൊലീസ് കേസെടുത്തു . 2014 ആഗസ്റ്റ് 31 ന് പവർ ഓഫ് അറ്റോർണിയാക്കി യു എ ഇയിലെ യുണൈറ്റഡ് അറബ് ബാങ്കിൽ നിന്നു 3 കോടി രൂപ വായ്പയെടുത്തു തിരിച്ചടക്കാതെ വഞ്ചിച്ചുവെന്നാണ് കേസ് . മൂന്നു കോടിയിൽ നിന്ന് 30 ലക്ഷം രൂപ തിരിച്ചടച്ചിരുന്നതായും പൊലീസ് പറഞ്ഞു . രണ്ടു കേസുകളിലെയും പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു .

