പാലായില്‍ തന്നെ മത്സരിക്കും; നിലപാട് ആവര്‍ത്തിച്ച് മാണി സി. കാപ്പന്‍

പാലാ: പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാട് ആവർത്തിച്ച് മാണി സി. കാപ്പൻ. എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ തന്റെ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്നും വിരുദ്ധമായ തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പൻ പറഞ്ഞു.
മൂന്നുപതിറ്റാണ്ടായി തനിക്ക് ശരദ് പവാറുമായി അടുത്ത ബന്ധമുണ്ട്. താനാണ് കോൺഗ്രസ് എസിനെ എൻ.സി.പി.യിൽ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയത്. പവാറുമായി വളരെ വലിയ ആത്മബന്ധമുണ്ട്. അതുകൊണ്ടു തന്നെ പാലാ സീറ്റ് വിട്ടു കൊടുത്തുകൊണ്ടുള്ള ഒരു തീരുമാനം പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാപ്പൻ പറഞ്ഞു.
അതേസമയം യു.ഡി.എഫ്. സ്ഥാനാർഥിയായി വരുമോ എന്ന ചോദ്യത്തിന് കൃത്യമായ പ്രതികരണം കാപ്പൻ നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മാണി സി. കാപ്പനും ജോസ് കെ മാണിയും തമ്മിൽ ഒരു ഫുട്ബോൾ മത്സരം പാലായിൽ നടന്നിരുന്നു. അതിൽ ജോസ് കെ മാണി എടുത്ത കിക്ക് കാപ്പൻ തടഞ്ഞിരുന്നു. ഇതിനെ പരാമർശിച്ചു കൊണ്ട് കാപ്പൻ ഇന്ന് ഒരു പ്രതികരണം നടത്തുകയുണ്ടായി. എന്തുവന്നാലും ഈ ഗോൾ പോസ്റ്റിൽ താൻ കോട്ട പോലെയുണ്ടാകും. ഏത് പന്തുവന്നാലും തടുത്തിടും എന്നായിരുന്നു കാപ്പന്റെ പ്രതികരണം.
നേരത്തെ, എലത്തൂർ സീറ്റിൽ മാണി സി കാപ്പൻ മത്സരിച്ചേക്കുമെന്നും അല്ലെങ്കിൽ രാജ്യസഭ എം.പി. സ്ഥാനം സ്വീകരിച്ച് പാലായിൽനിന്ന് മാറിയേക്കും തുടങ്ങിയ വാർത്തകൾ പുറത്തെത്തിയിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം കാപ്പൻ തള്ളി. എന്തുവന്നാലും പാലായിൽ തന്നെ മത്സരിക്കുമെന്ന നിലപാട് വ്യക്തമാക്കുകയാണ് കാപ്പൻ ചെയ്തിരിക്കുന്നത്.null
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിനു മുൻപ് വിഷയത്തിൽ തീരുമാനം എടുക്കണമെന്ന് യു.ഡി.എഫ്. നേതൃത്വം മാണി സി കാപ്പനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. കോൺഗ്രസ് നേതാവ് താരിഖ് അൻവറുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും കാപ്പൻ വ്യക്തമാക്കി.
ശരത് പവാർ എന്തു പറയുന്നോ അത് അനുസരിക്കുമെന്ന് കഴിഞ്ഞ ദിവസം കാപ്പൻ പറഞ്ഞിരുന്നു. ഇതോടെ നിലപാടിൽ കാപ്പൻ അയവ് വരുത്തിയോ എന്നൊരു നിരീക്ഷണം ഉയർന്നിരുന്നു. എന്നാൽ നിലപാടിൽനിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം.

