സുപ്രീംകോടതി ജഡ്ജിയുടെ ഇടപെടൽ ; ഹാസ്യ അവതാരകൻ മുനവർ ഫറൂഖി ജയിൽ മോചിതനായി

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അവഹേളിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി ജയില്‍ മോചിതനായി. ശനിയാഴ്ച രാത്രി 11 മണിയോടെ മധ്യപ്രദേശ് ഇന്ദോര്‍ ജയിലില്‍ നിന്ന് അദ്ദേഹം മോചിതനായി.
സുപ്രീം കോടതി വെള്ളിയാഴ്ച മുനവര്‍ ഫാറൂഖിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മുനവറിന്റെ ജയില്‍ മോചനം വൈകിപ്പിക്കാനും ശ്രമം നടന്നു. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്ന് കാട്ടി മധ്യപ്രദേശ് പൊലീസ് മോചനം വൈകിപ്പിക്കുകയായിരുന്നു. ഇതോടെ സപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ഇന്ദോറിലെ ചീഫ് മെട്രോപൊളിറ്റര്‍ മജിസ്ട്രേറ്റിനെ ടെലിഫോണില്‍ ബന്ധപ്പെട്ട ഇടപെടല്‍ നടത്തിയതോടെയാണ് മുനവര്‍ ജയില്‍ മോചിതനായത്. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ജയില്‍ മോചിതനായ ശേഷം മുനവര്‍ ഫാറൂഖി പ്രതികരിച്ചു. മധ്യപ്രദേശ് ഹൈകോടതി നേരത്തേ മുനവറിന് ജാമ്യം നിഷേധിച്ചിരുന്നു. മുനവര്‍ ഫാറൂഖിക്കെതിരെ തെളിവുകള്‍ നിരത്താനോ കേസ് ഡയറി ഹാജരാക്കാനോ പൊലീസിന് കഴിയാതെയിരുന്നിട്ടും ജാമ്യം നിഷേധിക്കുകയായിരുന്നു.

