ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം, സിറ്റി ബാങ്ക് അബദ്ധത്തില്‍ കൈമാറിയത് 900 മില്ല്യണ്‍ ഡോളര്‍; കോടതിയിലും തിരിച്ചടി

വാഷിങ്ടൺ: ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് വിശേഷിപ്പിക്കുന്ന സംഭവത്തിൽ സിറ്റി ബാങ്കിന് കോടതിയിൽനിന്നും തിരിച്ചടി. അബദ്ധത്തിൽ വിവിധ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയ 900 മില്ല്യൺ യു.എസ്. ഡോളറിൽ ബാക്കിയുള്ള 500 മില്ല്യൺ ഡോളർ സിറ്റി ബാങ്കിന് വീണ്ടെടുക്കാൻ കഴിയില്ലെന്നാണ് യു.എസിലെ കോടതി വിധിച്ചത്. അതേസമയം, കോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് സിറ്റി ബാങ്ക് വക്താവ് പ്രതികരിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് അബദ്ധത്തിൽ കൈമാറിയ പണം തിരികെ ലഭിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിറ്റി ബാങ്ക് കോടതിയെ സമീപിച്ചത്. ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് വിശേഷിപ്പിക്കാവുന്ന അബദ്ധമാണ് അന്ന് സിറ്റി ബാങ്കിന് പിണഞ്ഞത്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിർമാതാക്കളായ റെവ്ലോണിന്റെ വായ്പ ഏജന്റായിരുന്നു സിറ്റി ബാങ്ക്. റെവ്ലോൺ കമ്പനിക്ക് പണം കടം നൽകിയവർക്ക് 900 മില്ല്യൺ യു.എസ്. ഡോളറാണ് അന്ന് സിറ്റി ബാങ്ക് അബദ്ധത്തിൽ കൈമാറിയത്. വെറും എട്ട് മില്ല്യൺ ഡോളർ നൽകേണ്ടിടത്തായിരുന്നു ഇത്രയും ഭീമമായ തുക അബദ്ധം പിണഞ്ഞതിലൂടെ ബാങ്കിന് നഷ്ടമായത്.
ഇതിനിടെ, റെവ്ലോണിന് കടം നൽകിയ ചില കമ്പനികൾ അധികമായി ലഭിച്ച തുക സിറ്റി ബാങ്കിന് തിരികെ നൽകി. എന്നാൽ പത്ത് കമ്പനികൾ പണം തിരികെ നൽകിയില്ല. ഏകദേശം 500 മില്ല്യൺ ഡോളറാണ് ബാങ്കിന് തിരികെ ലഭിക്കാനുണ്ടായിരുന്നത്. പത്ത് കമ്പനികളും പണം തിരികെ നൽകാതിരുന്നതോടെ സിറ്റി ബാങ്ക് കോടതിയെ സമീപിക്കുകയായിരുന്നു.

