അതിർത്തി അടച്ചിടാനുള്ള കർണാടകയുടെ തീരുമാനം ; തലപ്പാടിയിൽ പ്രതിഷേധം

മഞ്ചേശ്വരം : കോവിഡ് വ്യാപന ഭീഷണിയെ തുടർന്ന് കർണ്ണാടക നടപടികർശനമാക്കി . കേരളം , മഹാരാഷ്ട്ര അതിർത്തികൾ അടച്ചിട്ട കർണ്ണാടക അധികൃതർ അവശേഷിക്കുന്ന നാലു പ്രവേശന കവാടങ്ങളിൽ നാളെ മുതൽ കർശന പരിശോധന നടത്തുവാൻ തീരുമാനിച്ചു . കർണ്ണാടകയുടെ തീരുമാനത്തിനെതിരെ തലപ്പാടിചെക്ക്പോസ്റ്റിൽ വിദ്യാർത്ഥികളടക്കം നൂറുകണക്കിനുപേർ പ്രതിഷേധവുമായി എത്തി . കർണ്ണാടക നടപടിക്കെതിരെ കെ പി സി സി സെക്രട്ടറി സുബ്ബയ്യറെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചു . കേരളത്തിൽ നിന്നുള്ള 16 പ്രവേശന കവാടങ്ങളിൽ 12 എണ്ണം അടച്ചിടാനും നാലു ഇടങ്ങളിൽ ഇന്നുമുതൽ കർശന പരിശോധന നടത്താനും ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ . കെ വി രാജേന്ദ്ര ഇന്നലെ ഉത്തരവിട്ടിരുന്നു . ഇതനുസരിച്ച് തലപ്പാടി ചെക്ക്പോസ്റ്റ് കടന്നു പോകുന്ന വാഹനങ്ങളിലെ യാത്രക്കാരെ ആർ ടി പി സി പരിശോധന നടത്താൻ തീരുമാനിക്കുകയും ഇന്നു രാവിലെ നടപ്പിലാക്കുകയും ചെയ്തു . എന്നാൽ ബസ് യാത്രക്കാർക്ക് ഇന്നത്തെ ദിവസം ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു . പരിശോധനയ്ക്കു വിധേയരാകേണ്ടതിനാൽ പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികളടക്കം നിരവധി പേർ അതിർത്തിയിൽ കുടുങ്ങി . ഇതോടെ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ തലപ്പാടിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു . അതിർത്തി തുറന്നു കൊടുത്തില്ലെങ്കിൽ നാളെ മുതൽ കർണ്ണാടകയിൽ നിന്നുള്ള വാഹനങ്ങൾ കേരളത്തിലേയ്ക്ക് വരാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി . അതേ സമയം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും അതിർത്തി കടത്തിവിടില്ലെന്നു കർണ്ണാടക അധികൃതർ വ്യക്തമാക്കി . ഇതിനെതിരെ പ്രതിഷേധ മാർച്ച് നടത്താൻ ഒരുങ്ങിയെങ്കിലും പൊലീസ് നടത്തിയ ചർച്ചയെ തുടർന്നു പിൻവലിച്ചു . പരിശോധന കർശനമാക്കിയതോടെ കോവിഡ് പരിശോധനാകേന്ദ്രമായ മംഗൽപ്പാടി താലൂക്കാശുപത്രിയിൽ ഇന്നു രാവിലെ വിദ്യാർത്ഥികളടക്കം 300 ൽ അധികം പേരെത്തി . എന്നാൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരിശോധന . ഇത്രയും സമയത്തിനുള്ളിൽ എല്ലാവരെയും പരിശോധിക്കാനാകുമോയെന്നതും ആശങ്ക ഉയർത്തിയിട്ടുണ്ട് .

