ലോറിയിൽ കൊണ്ടു വന്ന ജെസിബി നിരങ്ങി റോഡിൽ വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

നീലേശ്വരം ∙ ചെമ്മട്ടംവയൽ– നീലേശ്വരം റോഡിലെ കണിച്ചിറ വളവിൽ വീണ്ടും അപകടം. നീലേശ്വരത്തേക്കു കൂറ്റൻ ലോറിയിൽ കൊണ്ടു വരികയായിരുന്ന മണ്ണുമാന്തിയാണ് നിരങ്ങി താഴെ വീണത്. വാഹനങ്ങൾ കടന്നു പോകുന്നതിനിടെയായിരുന്നു ഇത്. വളവും കയറ്റത്തിന്റെ തുടക്കവുമുള്ള ഇവിടെ ലോറി വളച്ചെടുക്കുന്നതിനിടെയാണ് മണ്ണുമാന്തി നിരങ്ങി വീണത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. റോഡിൽ വീണ മണ്ണുമാന്തി ഏറെ നേരം റോഡിൽ കിടന്നു. ഇതു കൊണ്ടു വന്ന ലോറിയും കുറച്ചു നേരം റോഡിൽ ഗതാഗത തടസ്സമുണ്ടാക്കി. ബസ് സർവീസുകൾ ഉൾപ്പെടെ കടന്നു പോകുന്ന വഴിയാണിത്.
ആന ഷീറ്റ് തകർക്കുന്ന ശബ്ദം കേട്ട് ഞെട്ടി ഉണർന്നു; പുറത്തേക്ക് ഇറങ്ങി ഓടി വീട്ടുകാർ
നീലേശ്വരം ഭാഗത്തേക്കു വരുമ്പോൾ കയറ്റത്തിന്റെ തുടക്കവും വളവും കാഞ്ഞങ്ങാട് ഭാഗത്തേക്കു വരുമ്പോൾ ഇറക്കം തുടങ്ങുന്ന വളവുമാണ് ഇവിടെ അപകടം വരുത്തുന്നത്. അപകടങ്ങൾ മാത്രമല്ല, അപകടമരണങ്ങളും ഇവിടെ നടന്നിരുന്നു.ഫെബ്രുവരി ആദ്യവും ഇവിടെ അപകടമുണ്ടായി. തുടർന്ന് 7ന് കലക്ടർ ഡോ.ഡി.സജിത് ബാബു ഇവിടം സന്ദർശിച്ചിരുന്നു. ഇവിടെ വളവും കയറ്റവും കുറയ്ക്കാനും സ്ഥലം അളന്നു തിട്ടപ്പെടുത്തി ഉടൻ റിപ്പോർട്ട് നൽകാനും കൂടെയുണ്ടായിരുന്ന പൊതുമരാമത്ത് ചീഫ് എൻജിനീയറോട് നിർദേശിക്കുകയുണ്ടായി. ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായാൽ വാഹനങ്ങൾ കടന്നു പോകുന്നത് കണിച്ചിറ പാലം വഴിയുള്ള ഈ റൂട്ടിലൂടെയാണ്.

