നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യു.കെ കോടതിയുടെ ഉത്തരവ്

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ൽനിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായവജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യൻ ജയിൽ സാഹചര്യങ്ങളിൽ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ളനീരവ് മോദിയുടെ വാദങ്ങൾ കോടതി തള്ളി. ‘നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതിൽ സംതൃപ്തനാണ്’ – ജില്ലാ ജഡ്ജി സാമുവൽ ഗൂസെ പറഞ്ഞു. പല ആരോപണങ്ങളിലും ഇന്ത്യയിൽ വിചാരണ നടക്കേണ്ടതാണ്. ഉത്തരവിൽ അപ്പീൽ പോകാൻ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
2019 മാർച്ചിൽ അറസ്റ്റിലായ നീരവ് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിലാണിപ്പോൾ. അവിടെനിന്ന് വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെയാണ് കോടതിയിൽ ഹാജരായത്. നീരവിനെതിരായ തെളിവുകൾ ഇന്ത്യയിൽനിന്ന് ലഭിച്ചുവെന്നും കോടതി വ്യക്തമാക്കി. ഇയാളെ വിട്ടുകിട്ടണമെന്നുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച കോടതി ഇന്ത്യക്ക് കൈമാറിയാൽ നീതി ലഭിക്കില്ലെന്ന വാദത്തിന് തെളിവില്ലെന്നും വ്യക്തമാക്കി.
രണ്ടു വർഷത്തോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് വിവാദ വജ്ര വ്യാപാരിയെ ഇന്ത്യയ്ക്ക് വിട്ടുനൽകാനുള്ള യു.കെ കോടതിയുടെ ഉത്തരവ്.

