കാസർകോടിന് മന്ത്രിമാരെ നൽകിയത് സിപിഐയും മുസ്ലിംലീഗും മാത്രം

കാസർകോട്∙ മുന്നണികളിൽ ‘വല്യേട്ടന്മാർ’ സിപിഎമ്മും കോൺഗ്രസും ആണെങ്കിലും ജില്ലയിൽ നിന്നു മന്ത്രിമാരെ അവതരിപ്പിച്ച് വല്യേയേട്ടനായത് മുന്നണിയിലെ ഘടകകക്ഷികളായ സിപിഐയും മുസ്ലിംലീഗും മാത്രം. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഇ.കെ.നായനാരെ സുരക്ഷിത മണ്ഡലം എന്ന നിലയിൽ 1987–ൽ തൃക്കരിപ്പൂരിൽ മത്സരിപ്പിച്ചു ജയിപ്പിച്ചതു വഴി മുഖ്യമന്ത്രിയെ കിട്ടി എന്നല്ലാതെ ജില്ലയിൽ നിന്നു നിയമസഭയിലെത്തിയ സിപിഎമ്മിന്റെ ഒരു എംഎൽഎമാർക്കും മന്ത്രിക്കുപ്പായം അണിയാൻ സാധിച്ചില്ല.
ജില്ലയുടെ പിറവിക്ക് ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിൽ 2 മണ്ഡലങ്ങളിൽ നിന്നായി കോൺഗ്രസ് എംഎൽഎമാർ ജയിച്ചുവെങ്കിലും അപ്പോൾ ഭരണം എൽഡിഎഫിനായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ ഉൾപ്പെടെ 11 പേരെയാണ് സിപിഎം ജില്ലയിൽ നിന്ന് ഇതുവരെയായി നിയമസഭയിലേക്ക് എത്തിച്ചത്. ഇതിലേറെയും തൃക്കരിപ്പൂൽ മണ്ഡലത്തിൽ നിന്നാണ്.
പി.കരുണാകരൻ (1977–82), ഒ.ഭരതൻ(1982–87), ഇ.കെ.നായനാർ(1987–1996), കെ.പി.സതീശ്ചന്ദ്രൻ(1996–2006), കെ.കുഞ്ഞിരാമൻ (2006–2016), എം.രാജഗോപാലൻ(2016–21)എന്നിവർ തൃക്കരിപ്പൂരിൽ നിന്നും കെ.പുരുഷോത്തമൻ(1980–82), പി.രാഘവൻ (1991–2001), കെ.വി.കുഞ്ഞിരാമൻ(2001–2011), കെ.കുഞ്ഞിരാമൻ (2011–2021) എന്നിവർ ഉദുമയിലും സി.എച്ച്.കുഞ്ഞമ്പു(2006–2011) മഞ്ചേശ്വരത്തു നിന്നുമാണ് നിയമസഭയിൽ എത്തിയത്.
മഞ്ചേശ്വരത്ത് നിന്നു ജയിച്ച ഡോ.എ.സുബ്ബറാവുവിനെയും കാഞ്ഞങ്ങാട് നിന്നു ജയിച്ച ഇ.ചന്ദ്രശേഖരനെയും മന്ത്രിമാരാക്കി സിപിഐ നേതൃത്വം മുന്നണിയിലെ ‘വല്യേട്ടനെ’ കടത്തിവെട്ടി. എന്നാൽ തുടർച്ചയായി 44 വർഷം തൃക്കരിപ്പൂരിലും 30 വർഷം ഉദുമയിലും സിപിഎം സ്ഥാനാർഥികൾ ജയിച്ചുവെങ്കിലും ജില്ലക്കാരെ മന്ത്രിയാക്കാൻ സിപിഎം തയാറായില്ല.
ജില്ല രൂപീകരിച്ചതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഉദുമയിൽ കെ.പി.കുഞ്ഞിക്കണ്ണൻ (1987–91), ഹൊസ്ദുർഗിൽ എൻ.മനോഹരൻ (1987–91) എന്നിവർ കോൺഗ്രസ് സ്ഥാനാർഥികളായി ജയിച്ചുവെങ്കിലും ഈ കാലയളവിൽ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് മന്ത്രിസഭയായിരുന്നു ഭരണം നടത്തിയത്.
യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിംലീഗിലെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പിഎസ്പിയിലെ എൻ.കെ. ബാലകൃഷ്ണൻ സി.അച്യുതമേനോൻ മന്ത്രിസഭയിൽ ജില്ലയിൽ നിന്നുള്ള മന്ത്രിയായിരുന്നു. കാസർകോട് മണ്ഡലത്തിൽ നിന്നുള്ള കുഞ്ഞികൃഷ്ണൻ നായർ ചേരിപ്പാടി, എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവർ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് ജയിച്ചവരാണ്.

