കോവിഡ് വ്യാപനം; കാസർഗോഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വർധന ആശങ്കയിൽ ജില്ല

കാസർകോട് ∙ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയുമായി കൊറോണ കോർ–കമ്മിറ്റിയോഗം.ഒക്ടോബർ മുതൽ നൂറിൽ താഴെ മാത്രമായിരുന്നു കോവിഡ് ബാധിതർ. സംസ്ഥാനത്ത് ഏറ്റവും കുറവ് കോവിഡ് ബാധിതർ കാസർകോട് തുടരുന്നതിനിടെ കേസുകൾ വർധിക്കുന്നതായും ടെസ്റ്റുകളിൽ പോസിറ്റിവിറ്റി നിരക്കുകൾ കൂടുന്നതായും കമ്മിറ്റി യോഗം വിലയിരുത്തി.
കലക്ടർ ഡി.സജിത്ത്ബാബു അധ്യക്ഷത വഹിച്ചു. സ്കൂളുകളിൽ വിദ്യാർഥികൾക്കിടയിൽ കോവിഡ് വ്യാപിക്കുന്നു. ഇത് തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർക്ക് യോഗം ചുമതല നൽകി. സ്കൂൾ –കോളജ് വിദ്യാർഥികളെ ഉൾപ്പെടുത്തിയുള്ള കോൾ അറ്റ് സ്കൂൾ, കോൾ അറ്റ് കോളജ് പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാൻ ഡിഡിഇയോട് നിർദേശിച്ചു.
സ്കൂൾ, കോളജ് വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വാർഡ് തല ജാഗ്രതാ സമിതികളും മാഷ് പദ്ധതിയിലെ അധ്യാപകരും ബോധവൽക്കരണം പ്രവർത്തനം കൂടുതൽ സജീവമാകാൻ യോഗം നിർദേശിച്ചു.
ഇന്നലെ കോവിഡ് പോസിറ്റീവായവർ 109
ജില്ലയിൽ 109 പേർക്ക് കൂടി കോവിഡ് പോസിറ്റീവായി. 54 പേർ കോവിഡ് മുക്തരായി. 1373 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 6799 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 480 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 29558 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതിൽ 27900 പേർ കോവിഡ് മുക്തരായി.

