ഇ.ഡിയുടേത് പെരുമാറ്റചട്ടലംഘനം; അനുസരിക്കേണ്ട ബാധ്യത സർക്കാരിനില്ല: ഐസക്

കിഫ്ബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നിയമപരമായ നടപടിയെന്ന് മന്ത്രി തോമസ് ഐസക്ക് . ഇ.ഡിയുടേത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമാണ്. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമായുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇ.ഡിയുടെ ലക്ഷ്യം. ഹാജരാവുക എന്ന നിര്‍ദേശം അനുസരിക്കേണ്ട ബാധ്യതയില്ല. കിഫ്ബിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഐസക് മാധ്യമങ്ങളോടു പറഞ്ഞു.
കിഫ്ബി ഉദ്യോഗസ്ഥയോടു മോശമായി പെരുമാറിയെന്ന പരാതിയില്‍ ഇ.ഡിക്കെതിരെ കേസെടുക്കാനിരിക്കുകയാണ് സർക്കാർ. സി.ഇ.ഒയും ചോദ്യം ചെയ്യലിന് ഹാജരാകില്ല. സിഇഒയുടെ പരാതിയില്‍ തുടര്‍നടപടി വൈകാതെയുണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടിസ് നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്യോസ്‌ഥരെ വിളിച്ചുവരുത്താനാകില്ലെന്ന് ചൂണ്ടികാട്ടിയാണ് വിട്ടുനിന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി നൽകിയ പരാതിയും മറുപടിയിൽ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, കിഫ്ബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ഇ.ഡി പാര്‍ട്ടിക്കാരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തിരിച്ചടിച്ചു. ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തിട്ട് മാസങ്ങളായി. ഭീഷണിപ്പെടുത്തിയെന്ന് അന്ന് പറഞ്ഞില്ല. തെറ്റ് ചെയ്തെന്ന മനസ്സാക്ഷിക്കുത്താണ് ബഹളം വയ്ക്കാന്‍ കാരണം. ബംഗാളിലും ത്രിപുരയിലും ചെലവായ പരിപ്പ് കേരളത്തിലും ചെലവാകും. മുഖ്യമന്ത്രി അന്തസ് മറന്ന് പെരുമാറുന്നെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

