KSDLIVENEWS

Real news for everyone

കെഎസ്ആർടിസി സംസ്ഥാനാന്തര സർവീസുകൾക്ക് ഇനി ഫാസ് ടാഗ് സംവിധാനം; പിഴ പകുതിയിൽ താഴെയാകും

SHARE THIS ON

കാസർകോട് ∙ കെഎസ്ആർടിസി സംസ്ഥാനാന്തര സർവീസുകൾക്കു ഫാസ് ടാഗ് സംവിധാനം നിലവിൽ വരുന്നു.  ഇതോടെ കെഎസ്ആർടിസി സംസ്ഥാനാന്തര സർവീസുകൾക്കു പിഴയിനത്തിൽ ലക്ഷങ്ങൾ നഷ്ടമാകുന്നത് ഒഴിവാകും. ഫാസ് ടാഗ് സംവിധാനം ഇല്ലാത്തതിനാൽ ഇരട്ടിയിലേറെ തുക പിഴ നൽകിയാണ് കഴിഞ്ഞ 24 ദിവസമായി സർവീസ് തുടരുന്നത്. ഫാസ് ടാഗ് സംവിധാനവുമായി ബന്ധപ്പെട്ടുള്ള സ്റ്റിക്കർ ഡിപ്പോകളിൽ എത്തിത്തുടങ്ങി. ഇന്നു മുതൽ പിഴയില്ലാതെ  അതിർത്തി ടോ‍ൾ പ്ലാസ കടന്നു പോകാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കേരള–കർണാടക അതിർത്തിയിലെ തലപ്പാടി ടോൾ പ്ലാസ വഴി കാസർകോട് ഡിപ്പോയിൽ നിന്നുള്ള 25 ബസുകളാണു സർവീസ് നടത്തുന്നത്. ഇപ്പോൾ 70 ട്രിപ്പുകൾക്ക് ദിവസവും 520 രൂപ വീതം 36,400 രൂപയാണ് ടോൾ പിരിവ് നൽകുന്നത്. ഫാസ് ടാഗ് സംവിധാനത്തിൽ ആരംഭിക്കുന്നതോടെ 15,400 രൂപ മതി. 21,000 രൂപയാണ് ഇപ്പോൾ കൂടുതൽ നൽകുന്നത്. 24 ദിവസമായി 873600 രൂപ നൽകി. 

3,69,600 രൂപയ്ക്കു പകരം 5,04,000 രൂപയാണ് പിഴയിനത്തിൽ മാത്രമായി നാഷനൽ ഹൈവേ അതോറിറ്റിക്കു നൽകിയത്.തലപ്പാടി ടോൾ ബൂത്ത് വഴി കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ 1, പയ്യന്നൂർ 2, തലശ്ശേരി 5, കണ്ണൂർ 2 ഉൾപ്പെടെ 33 ബസുകൾ 98 ട്രിപ്പ് സർവീസ് ഉണ്ട് . 15 മുതലാണ് ഫാസ് ടാഗ് ഇല്ലാതെ തലപ്പാടി ടോൾ പ്ലാസ വഴി കേരള ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ സർവീസ് നടത്താൻ തുടങ്ങിയത്. കേരളത്തിൽ കെഎസ്ആർടിസിക്കു ടോൾ പിരിവ് ഇല്ല. കർണാടകയിൽ നിന്നു കേരളത്തിലെത്തുന്ന ബസുകൾ ഫാസ് ടാഗ് സംവിധാനത്തിലൂടെയാണ് തലപ്പാടി ടോൾ പ്ലാസ വഴി കടന്നു പോകുന്നത്. 3 ട്രിപ്പ് സർവീസ് നടത്തുന്ന 1 ബസിനു 780 രൂപയാണ് ഫാസ്റ്റ് ടാഗ് സംവിധാനത്തിൽ ടോൾ നൽകേണ്ടത്. എന്നാൽ ഫാസ് ടാഗ് ലിങ്ക് ചെയ്യാത്തതിനാൽ 3 റൗണ്ട് ട്രിപ്പിനു ഒരു ബസിന് 1560 രൂപ വീതം ടോൾ നൽകണം. ഫാസ്ടാഗ് ലിങ്ക് ചെയ്യുന്നതോടെ കേരള ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾക്ക് ഈ ടോൾ പിഴ ഒഴിവാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!