പത്രിക നൽകാൻ നാലുദിനം മാത്രം: അനിശ്ചിതത്വവും ആശയക്കുഴപ്പവും, മുന്നണികളില്‍ തീരാതെ

കോഴിക്കോട്: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി നാലുനാൾ മാത്രം. പക്ഷേ, യു.ഡി.എഫിൽ ഇപ്പോഴും സ്ഥാനാർഥിനിർണയം പൂർത്തിയായില്ല. ഏതാനും മണ്ഡലങ്ങളിൽ ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക വികാരങ്ങളും ഒത്തുപോകുന്നില്ല എന്നതാണ് യു.ഡി.എഫിലെ പ്രതിസന്ധി.
ധർമടത്ത് കോൺഗ്രസ് സ്ഥാനാർഥി ആര്
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് ആര് എന്ന ചോദ്യത്തിന് യു.ഡി.എഫിൽ ഉത്തരമായിട്ടില്ല. ഘടകകക്ഷിയായ ഫോർവേഡ് ബ്ലോക്കിന്റെ സാരഥി ദേവരാജനെയായിരുന്നു യു.ഡി.എഫ്. ധർമടത്തേക്ക് കണ്ടുവെച്ചത്. എന്നാൽ, മണ്ഡലത്തിലേക്ക് ഇല്ലെന്നുപറഞ്ഞ് ദേവരാജൻ പിന്മാറിയതോടെ ധർമടം കീറാമുട്ടിയായി. ഇരിക്കൂറിൽ ഇപ്പോഴും അനിശ്ചിതത്വമാണ്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നോമിനിയായ സജീവ് ജോസഫിനാണ് ഇവിടെ സീറ്റുനൽകിയിരിക്കുന്നത്. ജില്ലയിലാകെ നിസ്സഹകരണം പ്രഖ്യാപിച്ച് എ ഗ്രൂപ്പിലെ ഒട്ടേറെ പ്രാദേശിക നേതാക്കൾ ഇതിനകം രാജിവെച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ കെ. ബാബുവിനെതിരായ പ്രതിഷേധവും കെട്ടടങ്ങിയിട്ടില്ല. വടകരയിൽ കെ.കെ. രമയുടെ തീരുമാനം കാത്തിരിക്കുകയാണ് യു.ഡി.എഫ്.
കളമശ്ശേരിയിലെ ലീഗ് സ്ഥാനാർഥിക്കെതിരായ വികാരം കത്തിനിൽക്കുന്നു. ബി.ജെ.പി.യിലും ഉണ്ടായി വിചിത്രമായ കാര്യങ്ങൾ. സംസ്ഥാന അധ്യക്ഷൻ രണ്ടു സീറ്റിൽ മത്സരിക്കുമ്പോൾ ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രൻ സീറ്റുകിട്ടാതെ ഉഴലുകയായിരുന്നു. ഒടുവിൽ ശോഭ മത്സരിച്ചേക്കുന്ന സൂചന നേതൃത്വം നൽകിയിട്ടുണ്ട്. കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ശോഭ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ബി.ഡി.ജെ.എസും ബി.ജെ.പി.യും തമ്മിൽ ചില മണ്ഡലങ്ങളിൽ അസ്വാരസ്യം നിലനിൽക്കുന്നു.
എൽ.ഡി.എഫിലും സ്ഥാനാർഥിമാറ്റം
തിരൂരങ്ങാടിയിൽ സ്ഥാനാർഥിയെ തന്നെ മാറ്റിയാണ് സി.പി.ഐ. മത്സരം കടുപ്പിക്കാനൊരുങ്ങുന്നത്. നിയാസ് പുളിക്കലകത്തിനെ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കാനാണ് സി.പി.ഐ. തീരുമാനം. എന്നാൽ, ഹരിപ്പാട് ഒരു പ്രാദേശിക നേതാവ് പാർട്ടിവിട്ടതും ചടയമംഗലത്ത് ഇപ്പോഴും പ്രതിഷേധം തുടരുന്നതും സി. പി.ഐ.യെ അലോസരപ്പെടുത്തുന്നു. റവന്യൂ മന്ത്രി ചന്ദ്രശേഖരൻ മത്സരിക്കുന്ന കാഞ്ഞങ്ങാട്ടെ മുറുമുറുപ്പും അവസാനിച്ചിട്ടില്ല. അതിനിടെ കുറ്റ്യാടിയിലെ പ്രതിസന്ധി പരിഹരിക്കാനായത് സി.പി.എമ്മിന് ആശ്വാസമായി. അണികൾ ആവശ്യപ്പെട്ടതുപോലെ കെ.പി. കുഞ്ഞമ്മദ് കുട്ടിയെതന്നെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ സി.പി.എം. നേതൃത്വം നിർബന്ധിതരായി.
ഷൗക്കത്തും റിയാസും പിന്മാറി
ന്യൂഡൽഹി: മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്തും റിയാസ് മുക്കോളിയും നേതൃത്വത്തെ അറിയിച്ചതോടെ അവശേഷിച്ച ആറു സീറ്റിലേക്ക് കോൺഗ്രസിന്റെ സ്ഥാനാർഥിനിർണയം വൈകുന്നു. ചൊവ്വാഴ്ചയോടെ പ്രഖ്യാപിക്കാനാണ് ശ്രമം. തവനൂരിൽ റിയാസ് പിന്മാറിയതോടെ ഫിറോസ് കുന്നുംപറമ്പിലിനെ വീണ്ടും പരിഗണിക്കുന്നുണ്ട്. നിലമ്പൂർ വി.വി. പ്രകാശിനു വിട്ടുനൽകി പട്ടാമ്പിയിൽ മത്സരിക്കണമെന്ന് നിർദേശിച്ചതോടെയാണ് ആര്യാടൻ ഷൗക്കത്ത് പിന്മാറിയത്. ഇവിടെ കെ.എസ്.ബി.എ. തങ്ങളാണിപ്പോൾ പരിഗണനയിൽ. വട്ടിയൂർക്കാവിൽ പി.സി. വിഷ്ണുനാഥും കുണ്ടറയിൽ കല്ലട രമേശും കല്പറ്റയിൽ ടി. സിദ്ദിഖും തന്നെയാണിപ്പോഴും പരിഗണനയിൽ. വനിതാ പ്രാതിനിധ്യത്തിനായി ജ്യോതി വിജയകുമാറിനെയും പരിഗണിക്കുന്നുണ്ട്.
ഏറ്റുമാനൂരിൽ ലതിക സ്വതന്ത്ര
ഏറ്റുമാനൂർ: മഹിളാകോൺഗ്രസ് സംസ്ഥാനപ്രസിഡന്റായിരുന്ന ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കും. ഏറ്റുമാനൂരിൽ തിങ്കളാഴ്ച വൈകീട്ടുനടന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കോൺഗ്രസ് പ്രവർത്തകയെന്ന നിലയിൽ 30 വർഷത്തിലേറെ നീണ്ടുനിന്ന തന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ജന്മനാടായ ഏറ്റുമാനൂരിൽ മത്സരിക്കണമെന്നുള്ള ആഗ്രഹവും അവർ കണ്ണീരോടെ പ്രവർത്തകർക്കു മുന്നിൽ അവതരിപ്പിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ് ലതികയെ സന്ദർശിച്ച് പിന്തുണയറിയിച്ചു.

