KSDLIVENEWS

Real news for everyone

തൃപ്തനല്ല, അഭിപ്രായങ്ങള്‍ ആരുടെ മുന്നിലും പറയും; ചെന്നിത്തലയ്ക്ക് സുധാകരന്റെ മറുപടി

SHARE THIS ON

കണ്ണൂർ: സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ചത് കാര്യങ്ങൾ അറിയാതെയാണെന്ന രമേശ് ചെന്നിത്തലയുടെ പരാമർശനത്തിന് മറുപടി നൽകി കെ സുധാകരൻ. ചെന്നിത്തലയുടേത് തോന്നൽ മാത്രമാണെന്നും തെറ്റായ പ്രസ്താവനയാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും തുറന്നുപറയാൻ മടിയോ ഭയമോ ഇല്ല. അഭിപ്രായങ്ങൾ പറയേണ്ട സമയത്ത് പറയേണ്ട വേദിയിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുടെ സ്ഥാനാർഥി നിർണയത്തിൽ തൃപ്തനല്ല. സ്ഥാനാർഥി പട്ടികയിലെ പോരായ്മകളിൽ വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താനില്ല. പാർട്ടി തീരുമാനിച്ച സ്ഥാനാർഥി പട്ടികയുമായി മുന്നോട്ടുപോകാനെ ഇനി സാധിക്കു. പരാതികളുണ്ടെങ്കിൽ നേതാക്കളുമായി സംസാരിച്ച് പരിഹാരം കാണുകയാണ് പാർട്ടിയിലെ പ്രവർത്തനശൈലി. ഇതിനുള്ള ചർച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ധർമടത്ത് മത്സരിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. തന്നോടും ആരും ആവശ്യപ്പെട്ടിട്ടില്ല. എവിടെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറുള്ള ആളാണ് താൻ. ആവശ്യം വന്നാൽ പാർട്ടിക്ക് വേണ്ടി ഏത് ത്യാഗവും സഹിക്കും. ധർമടത്ത് നിലവിൽ സ്ഥാനാർഥിയുള്ള സാഹചര്യത്തിൽ താൻ വേഷം കെട്ടേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് നാല് ചിറകൊന്നുമില്ല. പിണറായി കോൺഗ്രസിന് മുന്നിലൊരു പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ മത്സരം ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ്. സ്ഥാനാർഥി പട്ടികയ്ക്ക് രണ്ടാമത് മാത്രമാണ് പ്രാധാന്യം. സ്ഥാനാർഥി ആരായാലും ഇടതുപക്ഷത്തോടാണ് യുഡിഎഫിന്റെ മത്സരം. പ്രചാരണത്തിൽ വീര്യം ചോരാതെ മുന്നോട്ടുപോകും. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!