KSDLIVENEWS

Real news for everyone

പുറത്തുവന്നത് ‘ കിഫ്ബി ‘ സർവ്വേകൾ ; ഉദുമയിലെ കള്ളവോട്ടിനെതിരെ പരാതി നൽകും : ചെന്നിത്തല

SHARE THIS ON

കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നടത്തിയത് ‘ കിഫ്ബി സർവ്വേ ‘ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കാസർകോട് പ്രസ്കബ്ബിൽ ഇന്ന് രാവിലെ നടത്തിയ മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് . പിണറായി സർക്കാറിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മാധ്യമങ്ങൾക്ക് 200 കോടിയുടെ പരസ്യമാണ് നൽകിയത് . ഇതിനുള്ള പ്രത്യുപകാരമാണ് സർവ്വേ റിപ്പോർട്ടുകൾ . ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും മാധ്യമങ്ങൾ മാധ്യമ ധർമ്മം പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു . ഐശ്വര്യ കേരള യാത്രയോടെ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ ശക്തമായ ജനവികാരമാണ് ഉയർന്നത് . ഇതില്ലാതാക്കാനാണ് ജനാധിപത്യ മര്യാദകൾ ലംഘിച്ചു കൊണ്ടുള്ള സർവ്വേ റിപ്പോർട്ടുകൾ പുറത്ത് വിട്ടത് . ഇത്തരം നിക്ഷിപ്ത താൽപ്പര്യക്കാരെ ജനങ്ങൾ തിരിച്ചറിയും ചെന്നിത്തല പറഞ്ഞു . സ്ഥാനാർത്ഥികളെയും പ്രകടന പത്രികകളും പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തു സർവ്വേയാണ് നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു . യഥാർത്ഥ സർവ്വേ ഏപ്രിൽ ആറിന് ജനങ്ങൾ നടത്തുന്നതായിരിക്കും ചെന്നിത്തല പറഞ്ഞു . സംസ്ഥാനത്ത് നാലു ലക്ഷം വ്യാജ വോട്ടുകൾ കണ്ടെത്തിയിട്ടുണ്ട് . ഞാൻ ആരോപണവും പരാതിയും ഉന്നയിച്ചതോടെയാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ അന്വേഷണം നടത്തിയത് . കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു . ഉദുമയിൽ കള്ളവോട്ട് ചെയ്ത് വിജയം ഉണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ട് . ഇതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും . ഒരേ ബൂത്തിൽ വ്യത്യസ്ത ഫോട്ടോകൾ വെച്ച് ഒന്നിലധികം വോട്ട് ഉണ്ടാക്കിയത് കൂടാതെ വിവിധ പഞ്ചായത്തുകളിൽ ഒരേ ആൾക്ക് ഒന്നിലധികം വോട്ടും ചേർത്തിട്ടുണ്ട് . ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും – ചെന്നിത്തല പറഞ്ഞു . സ്ഥാനാർത്ഥി നിർണ്ണയത്തിലൂടെ കോൺഗ്രസിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല . എന്നാൽ സി പി എം സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ സി പി എം പ്രവർത്തകർ രംഗത്തിറങ്ങിയതിൽ ആവേശം പൂണ്ട് , ചിലർ അതേ ആവേശം പ്രകടിപ്പിച്ചിട്ടുണ്ടാകാം- ചെന്നിത്തല പറഞ്ഞു . ജനാധിപത്യത്തെയും ജനവികാരത്തെയും തകർക്കാൻ ആർക്കും കഴിയില്ല . മാധ്യമങ്ങൾ തകർക്കാൻ ശ്രമിച്ചാൽ യു ഡി എഫ് ഒരിക്കലും തകരില്ല . സംസ്ഥാനത്ത് സി പി എം ബി ജെ പി കൂട്ടുകെട്ട് വളർന്നുകൊണ്ടിരിക്കുകയാണ് . ഇരുവരുടെയും ലക്ഷ്യം ഒന്നാണ് . അതിനുള്ള മാർഗ്ഗമാണ് പരസ്പരമുള്ള സഹകരണം . ദേവികുളത്തും ഗുരുവായൂരും തലശ്ശേരിയിലും ബി ജെ പിക്ക് സ്ഥാനാർത്ഥികളില്ലാതെ പോയത് ഈ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . സ്വർണ്ണക്കള്ളക്കടത്ത് കേസും ലാവ്ലിൻ കേസും എന്തുകൊണ്ടാണ് മുന്നോട്ടു പോകാത്തത് – രമേശ് ചെന്നിത്തല ചോദിച്ചു.കെ പി സി സി വൈസ് പ്രസിഡന്റ് സി കെ ശ്രീധരൻ , ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിൽ , യു ഡി എഫ് ജില്ലാ ചെയർമാൻ സി ടി അഹമ്മദലി , സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്ന് , രാജ്മോഹൻ ഉണ്ണിത്താൻ എം പി എന്നിവരും പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!