KSDLIVENEWS

Real news for everyone

സംവരണം 50% കടക്കാം; സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിന് ഘടകമെന്ന് കേരളം സുപ്രീംകോടതിയില്‍

SHARE THIS ON

ന്യൂഡൽഹി: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പതു ശതമാനത്തിൽ കൂടുതൽ ആകരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം. നിലവിൽ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള ഘടകമാണ്. സംവരണ വിഷയത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ആകണമെന്നും കേരളം സുപ്രീം കോടതിയിൽ വാദിച്ചു.

മറാഠാ സംവരണ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ആണ് കേരളം നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതി ഭരണഘടന ബെഞ്ച് 1992-ൽ ഇന്ദിര സാഹ്നി കേസിൽ വിധി പ്രസ്താവിച്ചപ്പോൾ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു സംവരണത്തിനായി പരിഗണിച്ചിരുന്ന ഘടകം. എന്നാൽ ആ വിധി വന്ന ശേഷം കാലം മാറി. സാമ്പത്തിക പിന്നാക്കാവസ്ഥയും നിലവിൽ സംവരണത്തിനായുള്ള ഘടകമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

ഇന്ദിര സാഹ്നി കേസിൽ വ്യക്തമാക്കിയ അമ്പതു ശതമാനത്തിൽ ഉൾപ്പെടുന്നതല്ല സാമ്പത്തിക പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട സംവരണമെന്നും കേരളം ചൂണ്ടിക്കാട്ടി. അതിനാൽ ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കാൻ ഉയർന്ന ബെഞ്ചിന് വിടണമെന്നും കേരളം ആവശ്യപ്പെട്ടു.സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട 102-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകളെയും കേരളം ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എതിർത്തു. ഉദ്യോഗസ്ഥ തലത്തിൽ തീരുമാനിക്കേണ്ട ഒന്നല്ല സംവരണം. നിയമനിർമാണ സഭകൾക്കും ജനപ്രതിനിധികൾക്കുമാണ് സംവരണം നിശ്ചയിക്കാനുള്ള അധികാരമെന്നും കേരളം കോടതിയിൽ വാദിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശും ഭരണഘടനാ ബെഞ്ചിന് മുമ്പാകെ കേരളത്തിന് വേണ്ടി ഹാജരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!