ദുബായില്‍ എന്നല്ല ലോകത്തൊരിടത്തും ഒരു ബിസിനസും ഇല്ല’; ദുബായിൽ പോയ കാര്യം വിവരിച്ചും വ്യാജ പ്രചരണങ്ങളില്‍ പ്രതികരിച്ചും ; ഫിറോസ് കുന്നംപറമ്പില്‍

കോഴിക്കോട്: നിയമസഭ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി തവനൂർ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ. എനിക്ക് ദുബൈയിയിൽ എന്നല്ല ലോകത്ത് എവിടെയും ഒരു ബിസിനസും ഇല്ലെന്ന് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാവുകയും ഇല്ല. പരാജയം ബോധ്യപ്പെടുമ്പോൾ പല തരത്തിലുള്ള വ്യാജ പ്രചാരണങ്ങളുമായി കടന്നുവരും. അതെല്ലാം മനസിലാക്കാൻ തവനുരിലെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:ഞാൻ തവനൂർ ഉണ്ടാകും മെയ് 2നു ശേഷം അല്ല അതിനുമുൻപ് തന്നെ… എന്‍റെ സുഹൃത്തുക്കളെ കാണാനും തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ എത്തിച്ചേരാം എന്ന് ഉറപ്പുനൽകിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങൾക്കും ആണ് ദുബായിയിൽ എത്തിയത്… എനിക്ക് ദുബായിയിൽ എന്നല്ല ലോകത്ത് എവിടെയും ഒരു ബിസിനസും ഇല്ല… തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങൾ… ഇതെല്ലാം തവനുരിലെ പ്രിയപ്പെട്ട ജനങ്ങൾ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ്… ഞാൻ തവനൂരുകാർക്ക് നൽകിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാൻ ഉണ്ടാകും എന്ന്… അതുപാലിക്കാൻ എനിക്ക് മെയ് 2 തിരഞ്ഞെടുപ്പ് റിസൾട്ട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല… ഞാൻ നൽകിയ വാക്ക് അത് പാലിക്കും എന്ന് എന്‍റെ പ്രിയപ്പെട്ട വോട്ടർമാർക്ക് അറിയാം… എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാവുകയും ഇല്ല… പരാജയം ബോധ്യപെടുമ്പോൾ പല തരത്തിലുള്ള വ്യാജ പ്രചാരണങ്ങളുമായി കടന്നു വരും… അതെല്ലാം മനസ്സിലാക്കാൻ തവനുരിലെ ജനങ്ങൾക്കു നന്നായി അറിയാം…

