സൂപ്പര്‍ സണ്‍ഡേ: ഐപിഎല്ലില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, പഞ്ചാബ്,ഡല്‍ഹി ടീമുകള്‍ കളത്തില്‍

ഞായറാഴ്ച ദിവസമായ ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങൾ. ചെന്നൈയിൽ ഉച്ചക്ക് 3.30ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേര്‍. ആദ്യ രണ്ടു മത്സരത്തിലും ജയം നേടിയാണ് കോഹ്ലിയുടെയും സംഘത്തിൻ്റെയും വരവ്. അതേസമയം, അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടുള്ള തോൽവിയിൽ നിന്ന് ഒരു തിരിച്ചുവരവിനാണ് ഓയിന്‍ മോര്‍ഗനും സംഘവും ശ്രമിക്കുന്നത്.
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരങ്ങളിൽ ബാംഗ്ലൂരിനാണ് മുൻതൂക്കം. 26 മത്സരങ്ങളില്‍ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 14 തവണയും ബാംഗ്ലൂരും 12 തവണ കൊൽക്കത്തയും വിജയിച്ചു.
നിലവിലെ ഫോം എടുത്ത് നോക്കുമ്പോൾ കര്യങ്ങൾ ബാംഗ്ലൂരിന് അനുകൂലമാണ്. വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെൽ എന്നീ പ്രമുഖ താരങ്ങൾ തകർപ്പൻ ഫോമിലാണ്. ഒപ്പം ബൗളര്‍മാരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
അതേസമയം കൊൽക്കത്ത നിരയിൽ നിതീഷ് റാണയൊഴികെ മറ്റാർക്കും ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് അവർക്ക് തലവേദനയാണ്. വെടിക്കെട്ട് വീരൻ ആന്ദ്രേ റസൽ ഫോമിലേക്ക് തിരിച്ചെത്തിയാൽ കൊൽക്കത്തയ്ക്ക് കാര്യങ്ങൾ എളുപ്പമാവും. ഏത് ബൗളിംഗ് നിരയേയും തച്ച് തകർക്കാൻ കഴിവുള്ള താരമാണ് റസൽ. ബാംഗ്ലൂരിനെതിരെ മികച്ച റെക്കോർഡ് ഉള്ളത് മികച്ച പ്രകടനം പുറത്തെടുക്കാൻ റസലിന് ആത്മവിശ്വാസം നൽകും.

