KSDLIVENEWS

Real news for everyone

ഇഎംസിസി ഉടമയുടെ കാറ് കത്തിക്കാനുള്ള ശ്രമം: പോലീസിനെതിരേ ഗുരുതര ആരോപണവുമായി മേഴ്‌സിക്കുട്ടിയമ്മ

SHARE THIS ON

കൊല്ലം: തിരഞ്ഞെടുപ്പ് ദിവസം ഇഎംസിസി ഉടമയുടെ കാർ കത്തിക്കാൻ ശ്രമിച്ചു എന്ന പരാതി സംബന്ധിച്ച് പോലീസിനെതിരേ ആരോപണവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. കാർ കത്തിക്കാൻ ശ്രമിച്ച ആളുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പോലീസിന്റെ എഫ്ഐആർ എന്ന് മന്ത്രി ആരോപിച്ചു. ഇഎംസിസി ഉടമയും സ്ഥാനാർഥിയുമായി ഷിജു വർഗീസിന്റെ കാറ് കത്തിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ പോലീസ് നടത്തുന്ന അന്വേഷണം സംബന്ധിച്ചാണ് മന്ത്രിയുടെ ആരോപണം. കാറ് കത്തിക്കൽ സംഭവവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. എന്നാൽ ആ ഗൂഢാലോചന വിജയിച്ചില്ല. വണ്ടി കത്തിച്ച ആൾ പറഞ്ഞ കഥയ്ക്ക് അനുസരിച്ച് പോലീസ് എഫ്ഐആർ ഇടുകയായിരുന്നു. ഇത് കൃത്യനിർവഹണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുകയും ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യണം. പ്രതിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചതിനു ശേഷം ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കാർ കത്തിക്കാൻ ശ്രമിച്ചെന്ന ഇ.എം.സി.സി കമ്പനി ഉടമയുടെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയാണ്. എന്നാൽ സംഭവത്തിൽ തെളിവ് കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇ.എം.സി.സി കമ്പനി ഉടമ നടത്തിയ ഗൂഢാലോചനയായിരുന്നു പരാതിക്ക് പിന്നിലെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!