KSDLIVENEWS

Real news for everyone

രക്തക്കറയില്‍ ദുരൂഹത തുടരുന്നു; കുറ്റംസമ്മതിച്ച് സനുമോഹന്‍, മൊഴികളില്‍ പൊരുത്തക്കേടെന്ന് പോലീസ്

SHARE THIS ON

കൊച്ചി: വൈഗയെ കൊലപ്പെടുത്തിയത് സനുമോഹനാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച്.നാഗരാജു. ഇക്കാര്യം സനുമോഹൻ സമ്മതിച്ചിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മകളുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മകൾ ഇതിന് വിസമ്മതിച്ചതോടെ കൊലപ്പെടുത്തി. പിന്നീട് തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്നാണ് സനുവിന്റെ മൊഴി. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് ഏകദേശം സ്ഥിരീകരിച്ചതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ചോദ്യംചെയ്യൽ നടക്കുകയാണ്. എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. കടബാധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കടബാധ്യത കാരണമുള്ള ടെൻഷനും മറ്റുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്കും എത്തിച്ചത്. ഇതുസംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രതി തുടർച്ചയായി മൊഴി മാറ്റുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷിച്ചുവരികയാണെന്നും കമ്മീഷണർ പറഞ്ഞു. സനുമോഹനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷം വീണ്ടും ചോദ്യംചെയ്യും. കൊലപാതകം എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. വാളയാറിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു സനു ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ആദ്യ തെളിവ്. പോലീസ് സംഘങ്ങൾ തുടർന്ന് വിവിധയിടങ്ങളിലായി തിരച്ചിൽ ആരംഭിച്ചു. ഒരുപാട് സ്ഥലങ്ങളിൽ കറങ്ങിയതിന് ശേഷമാണ് സനുമോഹൻ കൊല്ലൂർ മൂകാംബികയിൽ എത്തിയത്. ഒരുപാട് വെല്ലുവിളികൾ അഭിമുഖീകരിച്ചാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയതെന്നും കമ്മീഷണർ വ്യക്തമാക്കി. വൈഗയുടെ ആന്തരാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയത് സംബന്ധിച്ച് ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണം. തെളിവുകൾ ശേഖരിക്കണം. സനുമോഹന്റെ ഭാര്യയെയും അടുത്തബന്ധുക്കളെയും നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നു. സനുവിന്റേത് ഏറെ രഹസ്യങ്ങൾ നിറഞ്ഞ ജീവിതമാണെന്നായിരുന്നു ഇവരുടെ മൊഴി. ഒന്നും ആരോടും പങ്കുവെയ്ക്കാത്ത പ്രകൃതമായിരുന്നു. മുംബൈയിൽ സനുവിനെതിരേ മൂന്ന് കോടി രൂപയുടെ വഞ്ചനാകേസ് നിലവിലുണ്ട്. ഫ്ളാറ്റിൽ കണ്ട രക്തക്കറ ആരുടേതെന്ന് പറയാറായിട്ടില്ല. പ്രതി തുടർച്ചയായി മൊഴി മാറ്റി പറയുന്നതിനാൽ കേസിൽ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും വേണമെന്നും എച്ച്.നാഗരാജു വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!