KSDLIVENEWS

Real news for everyone

എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല; യുഡിഎഫ് അധികാരത്തിലെത്തും – ചെന്നിത്തല

SHARE THIS ON

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സിറ്റ് പോൾ ഫലങ്ങൾ യഥാർഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല പറഞ്ഞു. രണ്ട് ലക്ഷം വോട്ടർമാരുള്ള ഒരു നിയോജക മണ്ഡലത്തിൽ കേവലം 250 പേരെ മാത്രം ഫോണിൽ വിവരങ്ങൾ ചോദിച്ച് തയ്യാറാക്കുന്ന ഇത്തരം എക്സിറ്റ് പോളുകൾക്ക് ശാസ്ത്രീയ അടിത്തറയില്ല. പലതും തട്ടിക്കൂട്ട് സർവേകളാണ്. എക്സിറ്റ് പോളുകൾ തെറ്റാണെന്ന് തെളിയിച്ചിട്ടുള്ള ചരിത്രം കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ യുഡിഎഫിനെ തകർക്കാനുള്ള ആസൂത്രിതമായ നീക്കമുണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോയത്. എല്ലാതരത്തിലുള്ള വിലയിരുത്തലിലും യുഡിഎഫ് വിജയിക്കുമെന്ന് തന്നെയാണ് നിഗമനം. ജനങ്ങൾ ഒറ്റകെട്ടായി യുഡിഎഫിനൊപ്പം അണിനിരക്കും. ഇക്കാര്യം തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബോധ്യപ്പെടും. കേരളത്തിലെ അടുത്ത സർക്കാർ യുഡിഎഫ് സർക്കാരായിരിക്കുമെന്ന് പൂർണ ആത്മവിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. എക്സിറ്റ് പോളുകളുടെ അടിസ്ഥാനത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് ഒരുതരത്തിലുള്ള പരിഭ്രമവും ആവശ്യമില്ല. വോട്ടെണ്ണൽ സമയത്ത് പല തരത്തിലുള്ള തിരിമറിക്കും സാധ്യതയുണ്ട്. അതിനാൽ യുഡിഎഫ് സ്ഥാനാർഥികളും ഏജന്റുമാരും ജാഗ്രത പുലർത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!