കോവാക്സീന് വിദേശത്ത് ഉല്പാദിപ്പിക്കാൻ നീക്കം; ഫോര്‍മുല കൈമാറിയേക്കും

ന്യൂഡൽഹി∙ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീനായ ‘കോവാക്സീന്’ വിദേശത്ത് ഉല്പാദിപ്പിക്കുന്നതിന്റെ സാധ്യത തേടുന്നു. താല്പര്യമുള്ള വിദേശരാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഫോര്‍മുല കൈമാറുന്നത് ആലോചനയിലെന്ന് ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കോവിഡ് വാക്സീനുകളുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും വാക്സീന് ക്ഷാമം പരിഹരിക്കാനുമാണ് നടപടി. വിദേശ രാജ്യത്തെ കമ്പനികളുമായി ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. ഇന്ത്യൻ ബയോടെക്നോളജി കമ്പനിയായ ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ചേർന്നാണ് കോവാക്സീൻ വികസിപ്പിച്ചത്. പ്രതിവർഷം 700 ദശലക്ഷം ഡോസ് കോവാക്സീൻ ഉല്പാദിപ്പിക്കുമെന്ന് ഭാരത് ബയോടെക് ഏപ്രിൽ 20ന് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടിഷ് കമ്പനിയായ അസ്ട്രാസെനകയില്നിന്ന് സാങ്കേതിക വിദ്യ വാങ്ങിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സീന് ഉല്പാദിപ്പിക്കുന്നത്. English Summary: Govt explores possibility of producing Covaxin abroad

