KSDLIVENEWS

Real news for everyone

പ്രാണവായു തികയാതെ കാസർകോട് ; ഇന്നലെ എത്തിയത് 156 സിലിണ്ടറുകള്‍ മാത്രം; 2 സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം

SHARE THIS ON

കാഞ്ഞങ്ങാട് ∙ ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണാനാകാതെ ജില്ല. ഇന്നലെ 156 സിലിണ്ടർ എത്തിയെങ്കിലും സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ പ്രതിസന്ധിയുണ്ടായി. സർക്കാർ ആശുപത്രികളിൽ 180 സിലിണ്ടര്‍ ആണ് ഇപ്പോൾ പ്രതിദിനം വേണ്ടി വരുന്നത്. സ്വകാര്യ ആശുപത്രികളിൽ 110 സിലിണ്ടറുകളും വേണം. ഇന്നലെ കാസർകോട്ടെ 2 സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടു. ഇന്നലെ സർക്കാർ ആശുപത്രികളിലേക്ക് വന്ന 156 സിലിണ്ടറുകൾ ഇന്നു രാവിലെ 7 വരെ മതിയാകും. ഇതിനിടയിൽ സിലിണ്ടറുകൾ എത്തുമെന്നാണ് വിവരം. വൈകിയാൽ സ്ഥിതി ഗുരുതരമാകും. ജില്ലയിൽ 1000 ഓക്സിജൻ കിടക്കകൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. എന്നാൽ ഓക്സിജൻ ക്ഷാമത്തെ തുടർന്നു ടാറ്റാ ആശുപത്രിയിൽ അധികമായി സജ്ജീകരിച്ച 40 കിടക്കകൾ പോലും പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ജില്ലാ ആശുപത്രിയിൽ 20 ഓക്സിജൻ കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതിനാൽ ഇതും പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അതേസമയം ചട്ടംഞ്ചാൽ ടാറ്റാ ആശുപത്രിയിലെ 10 സ്റ്റാഫ് നഴ്സുമാർ അവരുടെ നിയമന കാലാവധി കഴിഞ്ഞ് ഇന്ന് മടങ്ങും. പകരം നിയമനം നടത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ഓക്സിജൻ ക്ഷാമത്തെ തുടർന്നു ചെങ്കള ഇ.കെ.നായനാർ ആശുപത്രിയിലെ 2 പേരെ മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. ഓക്സിജൻ ആവശ്യമുള്ള രണ്ടു രോഗികളെയാണു രാത്രി മാറ്റിയത്. ഈ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം കഴിഞ്ഞ ദിവസം നേരിട്ടിരുന്നു. മറ്റു ആശുപത്രികളിൽനിന്ന് ഓക്സിജൻ എത്തിച്ചു ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ. കണ്ണൂരിലെ ബാൽക്കോയില്‍ നിന്നുള്ള മുഴുവൻ ഓക്സിജൻ സിലിണ്ടറുകൾ എത്തിയാൽ മാത്രമേ ജില്ലയിലെ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനാകു. ബാൽക്കോയിൽ നിന്നുള്ള ഓക്സിജൻ സിലിണ്ടറുകൾ ഇപ്പോൾ കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ കൂടി വിതരണം ചെയ്യുന്നുണ്ട്. കണ്ണൂരിൽ കൂടുതൽ ഉൽപാദനം ഉണ്ടാക്കുന്നതിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ജില്ലയുടെ പ്രധാന ആവശ്യം. മംഗളൂരുവിൽ നിന്നുള്ള നേരത്തെ ഓക്സിജൻ സിലിണ്ടർ എത്തിച്ചിരുന്നുവെങ്കിലും ഇപ്പോൾ നിയന്ത്രണമുള്ളതിനാൽ അവിടെ നിന്നുള്ള വരവ് നിലച്ചതോടെയാണ് ജില്ലയിൽ പ്രയാസം ഉണ്ടായത്. അതിനാൽ ജില്ലയിലെ ആശുപത്രിയിലെ ഏക ആശ്രയം കണ്ണൂരിലെ ബാൽക്കോ ഏജൻസിയിൽ നിന്നാണെന്നു അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!