വെല്ലുവിളിച്ച് കാട്ടാനക്കൂട്ടം; ഇപ്പോൾ മതിൽ തകർത്ത് ആളുകൾക്ക് നേരെ

ബോവിക്കാനം ∙ ‘കുറച്ചു കാലം മുൻപ് ആനകൾ വന്നാൽ സ്ഥലത്തിന്റെ മതിൽ വരെ വരും. മതിൽ തകർക്കില്ല. അതുപോലെ ആളുകളെ കാണുമ്പോൾ തിരിച്ചു പോകും. എന്നാൽ ഇപ്പോൾ മതിൽ തകർത്ത് ആളുകൾക്ക് നേരെ വരാൻ തുടങ്ങി. ഇനിയും കുറച്ച് കഴിഞ്ഞാൽ വീടുകൾക്ക് നേരെ തിരിയും’. കാട്ടാനകളുടെ വരവ് അറിയാനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കർഷകർ രൂപീകരിച്ച ‘ആനക്കാര്യം’ വാട്സാപ് ഗ്രൂപ്പിൽ ഇന്നലെ ഒരു കർഷകർ പങ്കുവച്ച ആശങ്കയാണിത്. ഇത് ഒരാളുടേതു മാത്രമല്ല, കാട്ടാനശല്യം നേരിടുന്ന ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിലെ മുഴുവൻ കർഷകരും ജനങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. കോവിഡിനും മഴയ്ക്കുമൊപ്പം കാട്ടാനശല്യം കൂടി രൂക്ഷമായതോടെ ജീവൻ മരണ പോരാട്ടത്തിലാണ് ഇവിടത്തെ കർഷകർ. ലക്ഷങ്ങൾ ചെലവാക്കി കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള വനപാലകരെ ഉൾപ്പെടുത്തി വനംവകുപ്പ് നടത്തിയ ഓപ്പറേഷൻ ഗജയിലൂടെ 2 തവണ തുരത്തിയ ആനക്കൂട്ടം പോയതിനേക്കാൾ വേഗത്തിൽ തിരിച്ചെത്തി നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും എവിടെയാണ് ആനകളുടെ വിഹാരം എന്നേ അറിയാനുള്ളൂ; ഒരു ദിവസം കാറഡുക്കയിലാണെങ്കിൽ പിറ്റേന്ന് മുളിയാറിൽ. അതിനു പിറ്റേന്ന് ബേഡഡുക്കയിൽ. അങ്ങനെ കൂട്ടങ്ങളായും ഒറ്റയ്ക്കും സഞ്ചരിക്കുന്ന കാട്ടാനകൾ കർഷകരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ടു വർഷങ്ങളായി. തുടക്കത്തിൽ രണ്ടോ മൂന്നോ ആനകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇതുപതിലേറെ ആനകളുണ്ട്. ഒരേ സമയം പല സ്ഥലങ്ങളിലാണ് ഇവയുടെ വിളയാട്ടം.

