പുതിയ പ്രസിഡണ്ടിനെ കാത്ത് കെപിസിസി, പ്രഖ്യാപനം ഉടന്‍ എന്ന് സൂചന, മുന്‍തൂക്കം സുധാകരന് തന്നെ

തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമമിട്ട് കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഉടനുണ്ടായേക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രഖ്യാപനം നീളില്ലെന്നാണ് സൂചന. എന്നാൽ ആരാകണം പുതിയ അധ്യക്ഷൻ എന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല. നേതാക്കളിൽ കെ സുധാകരനാണ് മുൻതൂക്കമുളളത്. പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിനു മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു. എന്നാൽ ഒരു വിഭാഗം സുധാകരനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്. സുധാകരനെ എതിർക്കുന്ന ഇമെയിലുകളിൽ അടൂർ പ്രകാശിൻറെയും കെ ബാബുവിൻറെയും പേരുകളാണ് നിർദ്ദേശിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിന്റെ പേരും ഇടയ്ക്ക് പരിഗണയിൽ വന്നിട്ടുണ്ട്.

