കോവിഡ് കാലത്തെ കരുതലും കൈത്താങ്ങും:മുക്കൂട് സ്കൂളിൽ ഒന്നാം തരത്തിൽ 41 കുട്ടികൾ

മുക്കൂട്:വർണ്ണക്കടലാസുകളും വർണ ബലൂണുകളും കുരുത്തോലകളും പൂക്കളും കൊണ്ട് വീടുകൾ അലങ്കരിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തും, കുരുന്നുകളെ വിദ്യാ മുറ്റത്തേക്ക് കൈപിടിച്ചു കയറ്റുന്നതിന്റെ ചിത്രങ്ങൾ ക്ലാസ്സ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ച് മുക്കൂട് സ്കൂളിലെ രക്ഷിതാക്കൾ ക്ലാസ്സ്തല പ്രവേശനോത്സവം മികവുറ്റതാക്കി.
സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ് ഘാടനച്ചടങ്ങ് വിക്ടേർസ് ചാനലിൽ കണ്ടതിനുശേഷം കൃത്യം പത്ത് മണിക്ക്
ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച സ്കൂൾതല പ്രവേശനോത്സവത്തിൽ കുഞ്ഞുങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾ ഒന്നടങ്കം പങ്കെടുക്കുകയായിരുന്നു.
സ്കൂളിലെ പാർട്ട് ടൈം ജീവനക്കാരനും പ്രഗത്ഭ വാദ്യകലാകാരനുമായ പി.വി.പത്മനാഭമാരാരുടെ ചെണ്ടമേളത്തോടെയായിരുന്നു തുടക്കം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ.എം.ജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീധരൻ പ്രവേശനോത്സവ സന്ദേശം നൽകി.അജാനൂർ ഗ്രമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.ദാമോദരൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ഹാജിറ സലാം, പി.ടി.എ പ്രസിഡണ്ട് എം.മൂസാൻ, മദർ പി.ടി.എ പ്രസിഡണ്ട് അംബിക.സി.എച്ച്, സി.ആർ.സി. കോ-ഓർഡിനേറ്റർ രജനി, സ്റ്റാഫ് സെക്രട്ടറി ധനുഷ്. എം.എസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
തുടർന്ന് ,കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി.പുഷ്പ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം.ബാലൻ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി.രവീന്ദ്രൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ പി.ദിലീപ് കുമാർ, ഡയറ്റ് ലക്ചറർമാരായ ഡോ.എം.വി.ഗംഗാധരൻ, ഡോ. പി.വി.വിനോദ് കുമാർ,ബേക്കൽ ബി.പി.സി ദിലീപ് കുമാർ കെ .എം, പ്രശസ്ത കവി സി.എം.വിനയചന്ദ്രൻ ,
‘ഫസ്റ്റ് ബെൽ ‘ ക്ലാസ്സിലെ അധ്യാപകരും, വിദ്യാഭ്യാസ- സാംസ്കാരിക പ്രവർത്തകരുമായ
വിനയൻ പിലിക്കോട്, പ്രമോദ് അടുത്തില,ഷൈജു ബിരിക്കുളം, നിഷ.വി.എൽ എന്നിങ്ങനെ പന്ത്രണ്ട് പ്രമുഖ വ്യക്തിത്വങ്ങളുടെ ആശംസാസന്ദേശങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച വീഡിയോ പരിപാടിക്ക് മിഴിവേകി.
പിന്നീട് ,ഒന്നാം ക്ലാസ്സിലേക്കും പ്രീ പ്രൈമറിയിലേക്കും പുതുതായി പ്രവേശനം നേടിയ കുട്ടികളെ ക്ലാസ്സ് അധ്യാപികമാരായ സുജിതയും രത്നമണിയും പരിചയപ്പെടുത്തി.
പ്രഥമാധ്യാപകൻ കെ.നാരായണൻ സ്വാഗതവും എസ്.ആർ.ജി.കൺവീനർ ദിവ്യ.എം നന്ദിയും പറഞ്ഞു.
മുക്കൂട് സ്കൂളിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഡ്മിഷനാണ് ഈ വർഷം ഉണ്ടായത്.ഒന്നാം ക്ലാസ്സിലേക്ക് 41, പ്രീ പ്രൈമറി 32,രണ്ടു മുതൽ നാലുവരെ ക്ലാസ്സകളിലേക്ക് 10 എന്നിങ്ങനെയാണ് പ്രവേശനോത്സവ ദിവസം വരെ ചേർന്ന കുട്ടികളുടെ എണ്ണം. ഇതോടെ പ്രീ പ്രൈ മറി കൂടാതെ ആകെ കുട്ടികളുടെ എണ്ണം 123 ആയി. വരും ദിവസങ്ങളിൽ ഇത് ഇനിയും വർധിക്കും.
കോവിഡ് മഹാമാരിയുടെ കാലത്തും കുട്ടികളുടെ വിദ്യാഭ്യാസം മികവുറ്റതാക്കാൻ മുക്കൂട് സ്കൂൾ അധ്യാപകർ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും, കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയ കൈത്താങ്ങും കരുതലുമാണ് അൺ എയിഡഡ് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് തങ്ങളുടെ മക്കളെ മുക്കൂട് സ്കൂളിൽ ചേർക്കാൻ ബഹുഭൂരിപക്ഷം രക്ഷിതാക്കളെയും പ്രേരിപ്പിച്ചത്.

