KSDLIVENEWS

Real news for everyone

വിജിലൻസ് സംഘം എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ; മൊഴിയെടുത്തു; തന്റെ കൈകൾ ശുദ്ധമെന്ന് അബ്ദുള്ളക്കുട്ടി

SHARE THIS ON

കണ്ണൂർ: കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് സംഘം ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയിൽ നിന്ന് മൊഴിയെടുത്തു.

അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽനിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം നടത്തിയെന്നുമാണ് ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.

2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്.

യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ 2018-ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ഡിടിപിസിയിൽ വിജിലൻസ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ റെയ്ഡ് നടന്നത്.

അതേ സമയം കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്റെ കൈകൾ ശുദ്ധമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. അഴിമതിയെക്കുിറിച്ച് സത്യസന്ധമായ അന്വേഷണം വേണമെന്നും മുൻ ടൂറിസം മന്ത്രി അനിൽകുമാറിന് ഇതിൽ പങ്കുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!