KSDLIVENEWS

Real news for everyone

ഷായുടെ ഉറപ്പിൽ കാന്തപുരത്തോടെന്തിന് ? വെറുപ്പും വിദ്വേഷവും ; കന്തൽ സൂപ്പി മദനി, കുമ്പള

SHARE THIS ON

ഉറിയനങ്ങിയാലും ഉണ്ണിയുറങ്ങിയാലും കാന്തപുരത്തിന്റെ മേക്കിട്ട്
കേറാനും അദ്ദേഹത്തെ കൊത്തിവലിക്കാനും ചിലർക്ക് ഹരവും ധൃതിയുമാണ്,അദ്ദേഹത്തിന്റെ പച്ചമാംസത്തിനെ ന്തോ പ്രത്യേക രുചിയുള്ള ത് പോലെ.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദ് ഇന്ത്യൻ ഭരണാധികാരികൾക്ക്
അടിയന്തര പ്രാധാന്യമുള്ള ലക്ഷ ദ്വീപ് വിഷയത്തിലയച്ച കത്ത് വായിച്ചു കാന്തപുരത്തിന് ആഭ്യന്തര മന്ത്രി അമിത്ഷാ ടെലഫോണിൽ മറുപടി നൽകിയതും ആ സംഭാഷണ മദ്ധ്യേ ദ്വീപ് സമൂഹത്തിനും അവരുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും കോട്ടം തട്ടുന്നതൊന്നും കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ഉറപ്പ് കൊടുത്തതുമാണ് ചിലർക്ക് ചൊറിഞ്ഞത്. ഇന്ത്യൻ ഹോം മിനിസ്റ്റർ കാന്തപുരത്തെ വിളിച്ചെന്നോ? ചിലരുടെ ആശ്ചര്യം അങ്ങനെയാണ്. അല്ല, അയാളെ വിളിക്കാൻ അയാൾ ഈ രാജ്യത്തെ ആരാണ്? മറ്റുചിലരുടെ പിരാകലിങ്ങനെയും .
ഏതോ കോമഡി വിരുതൻ മറുതലയിൽ വികൃതി കാട്ടിയപ്പോൾ പാവം കാന്തപുരക്കാരൻ അമിത്ഷാ എന്ന് കരുതി അതിൽ വീണു പോയതാണെന്ന് വേറെ ചിലരുടെ സ്വയം സായൂജ്യം.
ഇനി സാക്ഷാൽ അമിത്ഷാ വിളിച്ചെന്ന് സങ്കല്പിച്ചാൽ തന്നെയും അത് എ പി യെന്ന മിർജാഫറിനോടുള്ള നന്ദി പ്രകടനമായേ കാണാവൂ എന്നൊരു കൂട്ടരുടെ മുന്നറിയിപ്പും. ആകെക്കൂടി കുരുടൻ ആനയെക്കണ്ട പരുവത്തിലാണ് കാന്തപുരം – അമിത്ഷാ സംഭാഷണത്തെപറ്റിയുള്ള കുശുമ്പന്മാരുടെ വിലയിരുത്തൽ. കുലുങ്ങിക്കുലുങ്ങി ചിരിക്കലല്ലാതെ മറ്റൊരു വഴിയും ഇല്ല തന്നെ!
ഇവ്വിധം വിലയിരുത്തലുകൾ പലതും മുറക്ക് നടക്കട്ടെ, നമുക്കത് കണ്ടും കേട്ടും ക്ഷമിച്ചിരിക്കാം.
ഷായുടെ ഉറപ്പിലും വീണ്ടും അവിടെ നടക്കുന്ന കിരാത വാഴ്ചകളിലെ തുടർച്ചയിലുമാണ് വേറെ ചിലരുടെ ചർച്ചകളും പരിഹാസ്യങ്ങളും.
അതിനുത്തരം ഇത്രയേ ഉള്ളൂ കാന്തപുരം ദ്വീപ് നിവാസികൾക്ക് ഒരുറപ്പും കൊടുത്തിട്ടില്ല.അങ്ങനെ കൊടുക്കാൻ അദ്ദേഹം ഭരണാധിപനുമല്ല. മറിച്ച് ഒരു സുപ്രധാന പദവി വഹിക്കുന്ന രാഷ്ട്ര തലവൻ തന്നോട് പറഞ്ഞ ഉറപ്പ് മാലോകരോട് വിളമ്പരപ്പെടുത്തിയെന്നേയുള്ളൂ. ആ വാഗ്ദത്വം പാലിക്കണോ വേണ്ടേ എന്നത് പ്രസ്തുത മന്ത്രിയുടെ മാത്രം ഉത്തരവാദിത്വത്തിൽ പെട്ടതാണ്. ഗ്രാൻഡ് മുഫ്തിക്കത് ആ ലോചിക്കേണ്ടതുമില്ല. ചിലരുടെ വാഗ്ദാനങ്ങൾ പാലിക്കാനുള്ളതും മറ്റു ചിലരുടേത് ലംഘിക്കാനുമുള്ളതാണ്. ആദ്യത്തേത് സത്യവാന്മാരുടെയും രണ്ടാമത്തേത് അസത്യവാന്മാരുടെയും അടയാളങ്ങളുമാണ്. അമിത്ഷാ നൽകിയത് വാഗ്ദാനമോ, അല്ല ‘വാക്ക് ദാനമോ’ എന്ന് തെളിയിക്കേണ്ട ബാധ്യതയും കാന്തപുരത്തിനില്ല.
ഇനി ഭരണാധികാരികൾ നേതാക്കൾക്കും സമൂഹത്തിനും നൽകുന്ന എല്ലാ ഉറപ്പും വാക്കും പൂർണ്ണാർത്ഥത്തിൽ പാലിച്ച ചരിത്രം മാത്രമാണോ ഇന്ത്യയിലുള്ളത്? മതേതര രാഷ്ട്രത്തിന്റെ അന്തസ്സത്ത എന്നും നിലനിന്നു കാണണമെന്ന് കൊതിക്കുന്ന ഓരോ ഭാരതീയന്റെയും മനസ്സിൽ ഇന്നും ഒരു നീറ്റലായി ബാക്കി നിൽക്കുന്ന ബാബരി മസ്ജിദിന്റെ തകർച്ചയുടെ പ്രാരംഭ കാലത്തേക്ക് നമുക്കൊന്ന് തിരിഞ്ഞാലോ?
ആ വിശുദ്ധ പള്ളിയുടെ
താഴികക്കുടം തകർത്തെറിയുമെന്ന് ഒരു കൂട്ടം മത ഭ്രാന്തന്മാർ ആക്രോശിക്കുകയും ഇടയ്ക്കിടെ അവിടം സംഘർഷഭരതമാക്കി തറക്കല്ലിടൽ മാമാങ്കങ്ങളും മറ്റും നടത്തി ക്കൊണ്ടിരിക്കുകയും ചെയ്യുന്ന സന്നിഗ്ദ ഘട്ടം. സ്വന്തം മുന്നണി ഭരിക്കുന്ന കാലമായതിനാൽ അന്ന് സമുദായത്തിന്റെ മൊത്തക്കുത്തക ഏറ്റെടുത്തവരും പണ്ഡിതരെ വായ മൂടിക്കെട്ടി ഒരരുവിൽ ഒതുക്കി നിർത്തിയവരുമായ സമുദായ പാർട്ടിയുടെ മുഖ പത്രത്തിൽവരേ തറക്കല്ലിട്ടത് തർക്കഭൂമിയിൽ അല്ലെന്ന് ഉളുപ്പില്ലാതെ അച്ചു നിരത്തി വിവാദം കൊടുംബിരികൊണ്ട വാഗ്വാദം പൊടിപൊടിക്കുന്ന കാലം.
ആകെക്കൂടി പ്രക്ഷുബ്ധരായ അണികളുടെ ശക്തമായ സമ്മർദ്ദത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വന്നപ്പോൾ മനമില്ലാ മനസ്സോടെ യു ഡി എഫ് വിട്ട് മുസ്‌ലിം ലീഗ് പുറത്തേക്ക് പോവുകയും ഇദ്ദ കാലയളവിൽ തന്നെ മുൻഭർതൃ വീട്ടിലേക്ക് തിരിച്ചു കയറുകയും ചെയത സന്ദർഭം.
പ്രസ്തുത പാർട്ടിയുടെ ഇന്നും തലപ്പത്തുള്ള ഉന്നതരടക്കം ആ പുനഃസംഗമത്തിന് പറഞ്ഞ ന്യായം ‘ ബാബരി പള്ളിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും എന്റെ മൃതശരീരം ചവിട്ടിക്കടന്നിട്ടല്ലാതെ അതിനൊരു പോറൽപോലും വരുത്താൻ ഒരാൾക്കും കഴിയില്ലെന്നും കരുണാകരൻ ജി ഉറപ്പ് തന്നിട്ടുണ്ട്,അതുകൊണ്ട് ഐക്യമുന്നണിയെ ശക്തിപ്പെടുത്താൻ തിരിച്ചു വന്നുവെന്നാണ്”.
മർഹൂം ശിഹാബ് തങ്ങളോട് നരസിംഹ റാവു എന്ന അന്നത്തെ പ്രൈം മിനിസ്റ്റർ ഉറപ്പ് കൊടുത്തതും പള്ളിക്കൊരു പോറലുമേൽക്കാതെ ഞങ്ങൾ കാത്തു സംരക്ഷിക്കുമെന്ന് തന്നെയായിരുന്നു. തൊട്ടടുത്ത് നടന്ന ഈ രണ്ട് സംഭവങ്ങളെയും മേല്പറഞ്ഞ മുഖ പത്രമായ ചന്ദ്രിക ഉലക്ക മുക്കി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നിട്ടെന്തുണ്ടായി? പള്ളി പപ്പടം പൊടിച്ചതുപോലെ പടപടാ പൊളിച്ചിട്ട് ‘നരസിംഹത്തിന്റെ’ പൂജാ മുറിയിലെ കർമ്മ വിശേഷങ്ങൾക്കൊടുവിൽ ഒരു കൂട്ടം രാജ്യദ്രോഹികൾ ഇന്ത്യൻ മതേതര വിശ്വാസികളുടെ മുഖത്തേക്ക് നിർദയം അല്ല നിഷ്ട്ടൂരമായി തന്നെ വലിച്ചെറിഞ്ഞു!!എന്നിട്ടെന്തെങ്കിലും ഇവിടെ സംഭവിച്ചോ ? ആരെങ്കിലും കരുണാകാരനെ കുതിരകയറിയോ? പ്രധാനമന്ത്രിയെ താഴെ ഇറക്കാൻ ശ്രമിക്കുന്നത് പോയിട്ട് രാജിവെച്ചു പുറത്ത് പോകണമെന്നെങ്കിലും സ്വന്തം പ്രസിഡന്റിനെ അവമതിച്ചതിന്റെ പേരിൽ പോലും മുസ്‌ലിം ലീഗുകാർ ആവശ്യപ്പെട്ടോ ? പോകട്ടെ ശിഹാബ് തങ്ങൾക്കും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്കും കരുണാകാരനും, നരസിംഹ റാവും കൊടുത്ത ഉറപ്പിനെപ്പറ്റി ആരെങ്കിലും ചോദ്യം ചെയ്തുവോ? അതിന്റെ പേരിൽ തെരുവിൽ പരസ്പരം കൊത്തിവലി നടന്നോ? അതൊരു കുറുപ്പിന്റെ ഉറപ്പായിരുന്നുവെന്ന് എല്ലാവർക്കും ബോധ്യമായിട്ടും തങ്ങളെയോ ബീവിയെയോ കുട്ടിയെയോ ആരും ഭൽസിച്ചില്ല. കാരണം മറുഭാഗത്തുള്ളത് വിവേകമുള്ള അരി ആഹാരം കഴിക്കുന്ന മലയാളികളായിരുന്നു എന്നത് തന്നെ.
സംഗതി ഇങ്ങനെയൊക്കെയാണെന്നും കാന്തപുരം – ഷാ സംഭാഷണത്തിൽ കുത്തിത്തിരിപ്പുണ്ടാക്കിയിട്ട് കാര്യമില്ലെന്നും ബോധ്യം വരാത്തവരല്ല ഇപ്പോൾ പാത്തും പതുങ്ങിയും മോങ്ങിയും തേങ്ങിയും കാന്തപുരത്തിന് നേരെ രംഗത്ത് വരുന്നത്, മറിച്ച് രാഷ്ട്രീയ തമ്പ്രാകൾക്ക് മേലെ ഒരു മൊയ്‌ല്യാര് ഉയർന്ന് വന്നതിലെ ഈർഷ്യത മാത്രം. നിങ്ങൾക്കുചിതം ‘നിങ്ങളെ ഈർഷ്വയും വിദ്വേഷവും കൊണ്ട് പോയി നശിച്ചോളിൻ’ എന്ന് മാത്രമാണെന്നാണ് അത്തരക്കാരോട് സൂചിപ്പിക്കാനുള്ളത്.
ksmadani@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!