കടത്തിയത് 166 കിലോ സ്വര്‍ണം; ആസൂത്രണം ടെലഗ്രാമില്‍, ചാറ്റ് വിവരങ്ങള്‍ പുറത്ത്

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകൾ പുറത്ത്. പ്രതികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ടെലിഗ്രാം സന്ദേശങ്ങൾ കസ്റ്റംസ് നോട്ടീസിനൊപ്പം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് തുടങ്ങിയ ശേഷം കേസിലെ മുഖ്യപ്രതികളായ സരിത്ത്, സന്ദീപ്, റമീസ് എന്നിവരയച്ച ടെലഗ്രാം സന്ദേശത്തിന്റെ ഒരു ഭാഗമാണ് കാരണം കാണിക്കൽ നോട്ടീസിലുള്ളത്. സിപിഎം കമ്മിറ്റിയെന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ്. തന്റെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി കോൺസൽ ജനറൽ സംസ്ഥാന സർക്കാരിൽനിന്നും ‘എക്സ് കാറ്റഗറി’ സുരക്ഷ സമ്പാദിച്ചിരുന്നുവെന്ന് കസ്റ്റംസ് നോട്ടീസിൽ പറയുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ മറികടക്കുന്നതാണ് ഇത്.
സ്വപ്ന, ശിവശങ്കർ എന്നിവരാണ് ഇത് നേടിക്കൊടുത്തത്. എല്ലാതരം നിയമവിരുദ്ധ ചെയ്തികൾക്കും ഈ ‘സുരക്ഷ’ കോൺസൽ ജനറൽ ഉപയോഗപ്പെടുത്തി. നയതന്ത്രപരിരക്ഷയില്ലാത്ത ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാർ ‘ഡിപ്ലോമാറ്റിക് തിരിച്ചറിയൽ കാർഡ്’ നൽകിയിരുന്നു. വിമാനത്താവളങ്ങളിലുൾപ്പെടെ ഇവ ദുരുപയോഗപ്പെടുത്തി.

