ഉദുമയിൽ പൊതുകുളത്തിൽ കുളിക്കുന്നതിനെച്ചൊല്ലിക്ലബ്ബ് പ്രവർത്തകർ ഏറ്റുമുട്ടി|

ഉദുമ: അരവത്തുവയലിലെ പൊതുകുളത്തിൽ കുളിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ രണ്ട് ക്ലബ്ബുകളുടെ പ്രവർത്തകർ ഏറ്റുമുട്ടി. കബഡിതാരങ്ങൾ അടക്കം ഏഴുപേർക്ക് പരിക്ക്. സി.പി.എം. നിയന്ത്രണത്തിലുള്ള ക്ലബ്ബാണ് രണ്ടും. കുതിരക്കോട് സംഘചേതന ക്ലബ്ബ് പ്രവർത്തകരായ ഉദുമ അരവത്തെ ജിതേഷ് (22), കണ്ണൂർ യൂണിവേഴ്സിറ്റി കബഡിതാരം മല്ലേഷ് (22), സുമേഷ് (22), ധനൽ (21), തച്ചങ്ങാട് ആലിങ്കാൽ യുവശക്തി ക്ലബ്ബ് പ്രവർത്തകരായ ആലിങ്കാൽ അഭിലാഷ് (32), സുജിത്ത് (33), നിഷാന്ത് (33) എന്നിവരാണ് ചികിത്സയിലുള്ളത്. കുത്തേറ്റതിനെ തുടർന്ന് സാരമായി പരിക്കേറ്റ ജിതേഷ് മംളൂരുവിലെ സ്വകാര്യ ആശുപത്രിയിയിൽ അപകടനില തരണം ചെയ്തു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമായ മല്ലേഷിന്റെ നിലയും മെച്ചപ്പെട്ടു. മറ്റുള്ളവർ കാസർകോട്ടെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അരവത്ത് അച്ചിക്കുളത്തിൽ കുളിക്കുന്നതിനിടെ യുവശക്തിയുടെ 15-ഓളം പ്രവർത്തകർ മാരകായുധങ്ങളുമായെത്തി ആക്രമിച്ചുവെന്നാണ് ആശുപത്രിയിൽ കഴിയുന്ന സംഘചേതനയുടെ പ്രവർത്തകർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. കോവിഡ് കാലം ആയതുകൊണ്ട് ഇവിടെ കുളിക്കുന്നതിന് വിലക്കുണ്ടെന്നും ഇത് വകവയ്ക്കാതെ വൈകിട്ട് ആയുധങ്ങളുമായി സംഘടിച്ചെത്തി ആക്രമിച്ചുവെന്നാണ് യുവശക്തി പ്രവർത്തകരുടെ പരാതി. കുതിരക്കോട്ടെ സജിത്തിന്റെ പരാതിയിൽ അഭിലാഷ്, സുജിത്ത്, അഭിജിത്ത്, വിനോദ്, വിജയൻ എന്നിവർക്ക് പുറമേ കണ്ടാലറിയാവുന്ന രണ്ടുപേരെ കൂടി പ്രതിചേർത്ത് ബേക്കൽ പോലീസ് കേസ് എടുത്തു. കേരളോത്സവവുമായി ബന്ധപ്പെട്ട് മുൻപ് രണ്ട് ക്ലബ്ബുകളും തമ്മിൽ ഉരസിയിരുന്നു. അന്ന് അത് പറഞ്ഞുതീർക്കുകയും ചെയ്തിരുന്നു.

