നഗരസഭാ ഓഫിസിൽ നിന്നു റജിസ്റ്റർ നഷ്ടപ്പെട്ട സംഭവം: ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

നീലേശ്വരം ∙ നഗരസഭാ ഓഫിസിൽ നിന്നു 155 വിവാഹ റജിസ്ട്രേഷനുകളുടെ റജിസ്റ്റർ നഷ്ടപ്പെട്ട സംഭവത്തിൽ ഈ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.നീലേശ്വരം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.സ്മിതയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനാണ് നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചത്. ഇക്കാര്യം അജൻഡയായി വന്നപ്പോൾ ചെയർപഴ്സൻ ടി.വി.ശാന്ത സ്വീകരിച്ച ഉറച്ച നിലപാടിനെ ഭരണ പ്രതിപക്ഷ കൗൺസിലർമാർ ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയായിരുന്നു. ഭരണപക്ഷ യൂണിയനായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ നീലേശ്വരം യൂണിറ്റ് അംഗമാണ് സ്മിത. ഇവർ വരുത്തിയത് ഗുരുതരമായ കൃത്യവിലോപമാണെന്നു ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ചെയർപഴ്സൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് രേഖകൾ തിരഞ്ഞു കണ്ടെത്താൻ സ്മിതയെ ചുമതലപ്പെടുത്തി. രേഖകൾ കണ്ടെത്താനായില്ലെന്നു ഇവർ വാക്കാൽ മറുപടി നൽകിയെന്നു ഹെൽത്ത് ഇൻസ്പെക്ടർ വീണ്ടും റിപ്പോർട്ട് നൽകിയതോടെ വിഷയം ആരോഗ്യ സ്ഥിരം സമിതിക്കു മുന്നിലെത്തി. ജൂൺ 18 നു ചേർന്ന ആരോഗ്യ സ്ഥിരം സമിതി യോഗം വിഷയം കൗൺസിലിനു കൈമാറാൻ തീരുമാനിച്ചു. ഈ തീരുമാനമാണ് ചൊവ്വാഴ്ച വൈകിട്ടു ചേർന്ന കൗൺസിലിൽ അജൻഡയായി വന്നത്. 1960 ലെ സിവിൽ സർവീസ് റൂളും 2011 കേരള മുനിസിപ്പൽ ചട്ടവും അനുസരിച്ച് ജോലിയിൽ വരുത്തിയ കുറ്റകരമായ അനാസ്ഥ, കൃത്യവിലോപം, അച്ചടക്കരാഹിത്യം എന്നിവയുടെ പേരിലാണ് നടപടി. കാണാതായത് 2016–19 കാലത്തെ റജിസ്റ്റർ 2016 മുതൽ 2019 വരെയുള്ള കാലയളവിൽ റജിസ്റ്റർ ചെയ്ത 155 വിവാഹങ്ങളുടെ വിവരങ്ങളടങ്ങിയ റജിസ്റ്റർ ആണ് നീലേശ്വരം നഗരസഭാ ഓഫിസിൽ നിന്നു കാണാതായത്. നിലവിൽ സസ്പെൻഡ് ചെയ്യപ്പെട്ട പി.പി.സ്മിതയായിരുന്നു ഇക്കാലയളവിൽ ജനന- മരണ- വിവാഹ റജിസ്റ്ററുകളുടെ ചുമതല വഹിച്ചിരുന്നത്. ഇവരെ തുടർന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ബീനാകുമാരി ചുമതലയേറ്റപ്പോൾ ബന്ധപ്പെട്ട റജിസ്റ്ററുകൾ ഇവർക്കു കൈമാറിയിരുന്നില്ല. ഇതേ തുടർന്നു ഹെൽത്ത് ഇൻസ്പെക്ടർ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിലാണ് 2016 മുതൽ 19 വരെയുള്ള കാലയളവിൽ റജിസ്റ്റർ ചെയ്ത 155 വിവാഹ റജിസ്ട്രേഷനുകളുടെ വിവരങ്ങളടങ്ങിയ റജിസ്റ്റർ കാണാനില്ലെന്നു വെളിപ്പെടുത്തിയത്.

