നഗരത്തിലെ പാതാളക്കുഴി അപായ സൂചന നൽകുന്ന റിബ്ബൺ കെട്ടി അടയാളപ്പെടുത്തി

കാസറഗോഡ് :അപകടഭീഷണിയുയർത്തുന്ന നഗരത്തിലെ പാതാളക്കുഴി അധികൃതർ റിബ്ബൺ കെട്ടി അടയാളപ്പെടുത്തി . കോഷൻ ഡെയ്ഞ്ചർ ( അപകടമുന്നറിയിപ്പ് ) എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയ വെളുത്ത റിബ്ബണാണ് അമേയ് റോഡിലെ വെള്ളം നിറഞ്ഞ കുഴിക്കു ചുറ്റും കെട്ടിയിട്ടുള്ളത് . അപകടഭീഷണി ഉയർത്തുന്ന ഈ കുഴിയെകുറിച്ച് ksdlivenews’ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു . എം ജി റോഡിൽ നിന്ന് അമേയറോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് വെള്ളം നിറഞ്ഞ ആഴമേറിയ കുഴിയുള്ളത് . കേബിൾ സ്ഥാപിക്കാനോ മറ്റോ എടുത്തതാണ് കുഴി . കുഴിക്കു ചുറ്റും നീക്കം ചെയ്യപ്പെടാതെ മണ്ണും കൂട്ടിയിട്ടിട്ടുമുണ്ട് . അത് കൊണ്ട് തന്നെ കുഴി പെട്ടെന്നൊന്നും ശ്രദ്ധയിൽ പെടില്ല . പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ . നഗരത്തിലെ പ്രധാന റോഡും ജനവാസ കേന്ദ്രവുമായതിനാൽ ഈ റോഡിലൂടെ രാപകൽ ഭേദമില്ലാതെ ആളുകൾ യാത്ര ചെയ്യുന്നുണ്ട് . സദാസമയവും വാഹന സഞ്ചാരവുമുണ്ട് . ഈ സാഹചര്യത്തിൽ കുഴിമൂടാതെ ഉപേക്ഷിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു .

