ഫോൺ ചോർത്തൽ വിവാദം; പ്രതിപക്ഷ ബഹളം കാരണം ലോക്സഭ രണ്ടുമണി വരെ പിരിഞ്ഞു

ന്യൂഡൽഹി: ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ താത്കാലികമായി പിരിഞ്ഞു. ഉച്ചയ്ക്കു ശേഷം രണ്ടുമണിക്ക് സഭ വീണ്ടും ചേരും. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ഓംബിർള അഭ്യർഥിച്ചു. പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടർന്നതോടെയാണ് സഭ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുതിയ മന്ത്രിമാരെ പ്രധാനമന്ത്രി മോദി പരിചയപ്പെടുത്തിയ സമയത്ത് പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെതിനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രൂക്ഷമായി വിമർശിച്ചു. വനിത, ദളിത്, പിന്നാക്ക വിഭാഗങ്ങളിൽനിന്ന് മന്ത്രിമാർ വന്നത് ചിലർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പ്രതിപക്ഷ ബഹളത്തോട് പ്രധാനമന്ത്രി പ്രതികരിച്ചു. ചാര സോഫ്റ്റ്വെയർ രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ബിനോയ് വിശ്വം എംപി രാജ്യസഭയിലും എൻ.കെ പ്രേമചന്ദ്രൻ എംപി ലോക്സഭയിലും നോട്ടീസ് നൽകി. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നിയിച്ചിരുന്നു. ഏറ്റവും രൂക്ഷമായ, മൂർച്ചയേറിയ ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാമെന്നും എന്നാൽ, അവയ്ക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ മറുപടി പറയാനുള്ള അവസരം സർക്കാരിന് നൽകണമെന്നും മോദി സമ്മേളനത്തിന് മുൻപായി ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിലെ ചർച്ചകളിൽ പ്രാമുഖ്യം കോവിഡ് പ്രതിരോധത്തിനും അതിനുള്ള ക്രിയാത്മക നിർദേശങ്ങൾക്കുമായിരിക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നാളെ നടക്കുന്ന കക്ഷി നേതാക്കളുടെ യോഗത്തിൽ വിശദീകരിക്കാൻ തയ്യാറാണെന്നും മോദി പറഞ്ഞിരുന്നു.

