വാക്‌സിനേഷനിൽ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍; കേന്ദ്രത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്സിനേഷന്റെ കാര്യത്തിൽ കേരളം ദേശീയ ശരാശരിയെക്കാൾ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയ തലത്തിൽ ഉണ്ടായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.
ഇന്ത്യയിലെ 130 കോടി ജനങ്ങളിൽ 33,17,76,050 പേർക്ക് ഒന്നാം ഡോസും 8,88,16,031 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ 42,05,92,081 പേർക്കാണ് വാക്സിൻ നൽകിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തിൽ 25.52 ശതമാനം പേർക്ക് ഒന്നാം ഡോസും 6.83 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ 2021- ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 35.51 ശതമാനം പേർക്ക് ഒന്നാം ഡോസും 14.94 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിൽ ഏകദേശം 100 ശതമാനം പേരും (5,46,656) ഒന്നാം ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 82 ശതമാനം പേർ (4,45,815) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതിനാലാണ് രണ്ടാം ഡോസ് 100 ശതമാനം പേർക്കും എടുക്കാൻ സാധിക്കാത്തത്.
മുന്നണി പോരാളികളിൽ ഏകദേശം 100 ശതമാനം പേരും (5,59,826) ഒന്നാം ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 81 ശതമാനം പേർ (4,55,862) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതിനാലാണ് ഈ വിഭാഗത്തിലും രണ്ടാം ഡോസ് 100 ശതമാനം പേർക്കും എടുക്കാൻ സാധിക്കാത്തത്.
18 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ള വിഭാഗത്തിൽ 18 ശതമാനം പേർക്ക് (27,43,023) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവർക്ക് രണ്ടാം ലഭിക്കുന്നത്. അതിനാൽ 2,25,549 പേർക്കാണ് രണ്ടാം ഡോസ് എടുക്കാനായത്.
18 മുതൽ 45 വയസ് പ്രായമുള്ളവരിൽ ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ളവർക്കും അനുബന്ധ രോഗങ്ങളുള്ളവർക്കുമാണ് നൽകിയത്. ജൂൺ 21ാം തീയതി മുതൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് 18 മുതൽ 45 വയസ് പ്രായമുള്ളവരെ വാക്സിനേഷൻ ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. 45 വയസിന് ശേഷമുള്ള 75 ശതമാനം പേർക്ക് (84,90,866) ഒന്നാം ഡോസും 35 ശതമാനം പേർക്ക് (39,60,366) രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
വാക്സിനേഷൻ സംബന്ധിക്കുന്ന വിവരങ്ങൾ ദിവസവും പ്രസിദ്ധീകരിക്കുന്ന കോവിഡ് വാക്സിനേഷൻ ബുള്ളറ്റിൻ ലഭ്യമാണ്. ഈ ബുള്ളറ്റിൻ എല്ലാ ദിവസവും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ആകെ 4,99,000 വാക്സിനാണ് നിലവിൽ ബാക്കിയുള്ളത്. ഏതോ ചിലർ 10 ലക്ഷം ഡോസ് വാക്സിൻ ഇവിടെയുണ്ട് എന്ന് പറയുന്നത് കേട്ടു. ശരാശരി രണ്ടുമുതൽ രണ്ടര ലക്ഷം ഡോസ് വാക്സിൻ ഒരു ദിവസം കൊടുക്കുന്നുണ്ട്. ആ നിലയ്ക്ക് നോക്കിയാൽ കയ്യിലുള്ള വാക്സിൻ ഇന്നും നാളെയും കൊണ്ട് തീരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

