പരിയാരം മെഡിക്കൽ കോളേജിലെ ഫീസ് വർധന ; ഉടൻ ഈടാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് മാനേജ്മെന്റ് വർധിപ്പിച്ച ഫീസ് ഉടൻ ഈടാക്കരുതെന്ന് സുപ്രീം കോടതി . മൂന്നാം വർഷ വിദ്യാർത്ഥികളിൽ ചിലർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദേശം . സെപ്റ്റംബർ 30 നകം ഫീസ് അടയ്ക്കണമെന്ന് കോളേജ് മാനേജ്മെന്റ് വിദ്യാർത്ഥികളോട് നിർദേശിച്ചിരുന്നു . 2018 ഓഗസ്റ്റിൽ തങ്ങൾ കോളേജിൽ പ്രവേശനം നേടുമ്ബോൾ തന്നെ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തിരുന്നു എന്നാണ് മൂന്നാം വർഷ വിദ്യാർത്ഥികളുടെ വാദം . സർക്കാർ ഫീസ് മാത്രമേ മൂന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാവു എന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി ജൂലൈ 28 ന് നോട്ടീസ് അയച്ചിരുന്നു . സംസ്ഥാന സർക്കാരും കോളേജ് മാനേജ്മെന്റും ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കായിരുന്നു നോട്ടീസ് . ഈ നോട്ടീസ് നിലനിൽക്കെയാണ് ഫീസ് നിർണ്ണയ സമിതി. ശുപാർശചെയ്ത വർധിപ്പിച്ച ഫീസ് സെപ്റ്റംബർ 30 നകം നൽകാൻ കോളേജ് മാനേജ്മെന്റ് വിദ്യാർത്ഥികളോട് നിർദേശിച്ചത് . ഈ നിർദേശം നിയമവിരുദ്ധവും കോടതിയോടുള്ള അവഹേളനവുമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി .

