തീരദേശ ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം: മന്ത്രി

കാസർകോട് ∙ ജില്ലയുടെ കടൽത്തീര സംരക്ഷണം ഉൾപ്പെടെ തീരദേശ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമുണ്ടാക്കുമെന്നു മന്ത്രി സജി ചെറിയാൻ. ജില്ലയിലെ പ്രധാന തീരദേശ മേഖലകളിലും മഞ്ചേശ്വരം, കാസർകോട്, അജാനൂർ തുറമുഖങ്ങളിലും സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തീരദേശ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രധാന പരിഗണനയാണു സർക്കാർ നൽകുന്നത്. വിവിധ വകുപ്പുകളെ കോർത്തിണക്കി പ്രവർത്തനങ്ങൾ നടത്തുമെന്നു മന്ത്രി പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ, എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ്, എം.രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മത്സ്യബോർഡ് ചെയർമാൻ പി.കുഞ്ഞിരാമൻ, ഹാർബർ എൻജിനീയറിങ് ചീഫ് എൻജിനീയർ ജോമോൻ ജോർജ്, സൂപ്രണ്ടിങ് എൻജിനീയർ കുഞ്ഞി മമ്മു പറവത്ത്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സുരേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മന്ത്രി ധനസഹായം കൈമാറി
കാസർകോട് മത്സ്യബന്ധനത്തിനിടെ കടൽക്ഷോഭത്തിൽ മരിച്ച നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരുടെയും മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റു മരിച്ച ബാബുരാജിന്റെയും വീടുകൾ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മരണപ്പെട്ട അംഗീകൃത മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനു നൽകുന്ന 10 ലക്ഷം രൂപ ധനസഹായത്തിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ഡിഡി സന്ദീപിന്റെയും രതീഷിന്റെയും കുടുംബങ്ങൾക്കു മന്ത്രി കൈമാറി. കാസർകോട് ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിലെ ആചാരിക സ്ഥാനികരെയും ക്ഷേത്രം കമ്മിറ്റി ഭാരവാഹികളെയും മന്ത്രി സന്ദർശിച്ചു. ക്ഷേമനിധി അംഗമല്ലാത്ത കാർത്തിക്കിന്റെ കുടുംബത്തിനു പരമാവധി സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഉറപ്പുകൾ
∙ അജാനൂർ ഫിഷറീസ് ഹാർബറിന്റെ പുതിയ പഠന റിപ്പോർട്ട് തയാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തും. 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടും. പഠനം നടക്കുമ്പോൾ തന്നെ സമാന്തരമായി വിശദമായ പ്രൊജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും തയാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗം ചീഫ് എൻജിനീയർക്കു മന്ത്രി നിർദേശം നൽകി. ഒരു വർഷത്തിനകം തന്നെ നിർമാണ പ്രവർത്തനത്തിനുള്ള നടപടി ആരംഭിക്കും.
∙ മഞ്ചേശ്വരം ഹാർബറിൽ ഡ്രഡ്ജിങ് പ്രശ്നത്തിനു പരിഹാരം കാണും. കോട്ടിക്കുളം തുറമുഖത്തിനുള്ള നിർദേശവും പരിഗണനയിലാണ്. എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
∙ കടൽക്ഷോഭത്തിൽ നിന്നു മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ താമസ സൗകര്യം അർഹരായവർക്കെല്ലാം ലഭ്യമാക്കും.
∙ കാസർകോട് ഹാർബറിന്റെ നിർമാണത്തിലുണ്ടായ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും.
∙ മഞ്ചേശ്വരം ഹാർബറിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
ഉൾനാടൻ മത്സ്യ ഉൽപാദനം പ്രോത്സാഹിപ്പിക്കും: ഫിഷറീസ് മന്ത്രി
എല്ലാ ജലാശയങ്ങളിലും മത്സ്യക്കൃഷിയെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. 5 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണു സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. ഇത് 5 വർഷത്തിനകം 12 കോടിയാകും. വരാൽ, കരിമീൻ പോലുള്ള നാടൻ മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കും. ബയോഫ്ലോക് കർഷകർക്കു സർക്കാർ മത്സ്യക്കുഞ്ഞുങ്ങളെ കൊടുക്കും.
മത്സ്യം സർക്കാർ വിപണനം ചെയ്യും. മത്സ്യഫെഡ് ഫിഷ് സ്റ്റാൾ 100ൽ നിന്ന് 200 ആക്കും. തീരദേശ വികസന കോർപറേഷൻ എല്ലാ ജില്ലകളിലും 2 സീ റസ്റ്ററന്റുകൾ വീതം ആരംഭിക്കും. ഗ്രാമീണ മേഖലയിൽ ചെറിയ റസ്റ്ററന്റുകൾ ആരംഭിക്കും. കടൽ മത്സ്യ വിപണിയോടൊപ്പം ഉൾനാടൻ മത്സ്യ ഉൽപാദനവും പ്രോത്സാഹിപ്പിക്കും. കേരളത്തിലെ എല്ലാ ജലാശയങ്ങളുടേയും കണക്കെടുക്കുമെന്നും മത്സ്യ ഉൽപാദന സഹകരണ സംഘങ്ങളെ സാമ്പത്തികമായി ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

