KSDLIVENEWS

Real news for everyone

അഫ്ഗാന്‍ സൈന്യത്തെ നേരിടാന്‍ 15,000 ഭീകരര്‍ പാകിസ്താനില്‍നിന്ന് എത്തിയെന്ന് വെളിപ്പെടുത്തല്‍

SHARE THIS ON

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ താലിബാൻ പിടിമുറുക്കാൻ കാരണം പാകിസ്താനെന്ന് അഫ്ഗാൻ നേതാക്കൾ. അഫ്ഗാൻ സൈനികരെ നേരിടുന്നതിനു പാകിസ്താനിൽ നിന്ന് 15,000 ഭീകരർ കടന്നതായി അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ് പറഞ്ഞു. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്താനെന്നും അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിന് അവർ പാകിസ്താനിലെ മദ്രസകളുപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എല്ലാവർഷവും അഫ്ഗാനിസ്താനിൽ താലിബാൻ പരാജയപ്പെട്ടിരുന്നു. എന്നാൽ, പുതിയ അംഗങ്ങളെ അടുത്തവർഷം കൂട്ടിച്ചേർക്കുന്നതിനു പാകിസ്താൻവഴിയൊരുക്കുന്നു. ഈ വർഷം 10,000 താലിബാൻ ഭീകരർ പാകിസ്താനിൽനിന്ന് അഫ്ഗാനിസ്താനിലേക്ക് എത്തിയതായി കണ്ടെത്താൻ കഴിഞ്ഞു. പരിക്കേറ്റ ഭീകരർക്ക് പാകിസ്താനിലെ ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നു. അവർക്ക് സൈനിക, വൈകാരിക, സാമ്പത്തിക പിന്തുണ ലഭിക്കുന്നു. ഇത് തുടരുന്നു’-മോഹിബ് കൂട്ടിച്ചേർത്തു.

പാകിസ്താനെ കുറ്റപ്പെടുത്തി അഫ്ഗാൻ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഗാനിയും രംഗത്തെത്തിയിരുന്നു. അൽ ഖൊയ്ദ, ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും അഫ്ഗാനെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് ഗാനി പറഞ്ഞു.

പാകിസ്താനെയും അഫ്ഗാനിസ്താനെയും വേർതിരിക്കുന്ന ഡ്യൂറൻഡ് രേഖ കടന്നു പോകുന്ന പാകിസ്താൻ സൈനികരുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നൂറുകണക്കിനു റോക്കറ്റുകൾ വിക്ഷേപിച്ച് അവർ അഫ്ഗാൻ പൗരന്മാരെ കൊലപ്പെടുത്തുന്നതും പരിക്കേൽപിക്കുന്നതും വീഡിയോയിൽ ദൃശ്യമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!