ജില്ലയിലെ കോവിഡ് പരിശോധന പ്രതിദിനം പതിനായിരമാക്കും ; പരിശോധന കേന്ദ്രങ്ങൾ 72 ആയി ഉയർത്തും -പി.ബി.നൂഹ്

കാഞ്ഞങ്ങാട്: ജില്ലയിലെ കോവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം പതിനായിരമാക്കുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തുമെന്നും സ്പെഷ്യൽ ഓഫീസർ പി.ബി.നൂഹ് അറിയിച്ചു. 66 ലാബ് ടെക്നീഷ്യൻ, 38 ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെ താത്കാലികമായി നിയമിക്കും. കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകളിലും തലപ്പാടി ചെക്പോസ്റ്റിലും പ്രത്യേക പരിശോധനാകേന്ദ്രം സ്ഥാപിക്കും. തീരദേശമേഖലയിൽ ഒൻപത് കേന്ദ്രങ്ങളിൽ പരിശോധനാസംവിധാനമുണ്ടാകും. പഞ്ചായത്തുകളിൽ പരിശോധന നടത്തുന്നതിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തും. വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ, രാജപുരം, ആദൂർ തുടങ്ങിയ പട്ടികവർഗ കോളനികളിൽ താമസസൗകര്യം കുറവായ ഇടങ്ങളിലുള്ളവർ പോസിറ്റീവായാൽ അവരെ ഡോമിസിലിയറി സെൻററുകളിലേക്ക് മാറ്റാൻ തീരുമാനിച്ചു. ചില പഞ്ചായത്തുകളിൽ കോവിഡ് പരിശോധന വളരെ മോശമായാണ് കാണുന്നത്. ഡി കാറ്റഗറിയിൽ സമ്പൂർണ അടച്ചിടൽ കർശനമായി നടപ്പാക്കും.

