KSDLIVENEWS

Real news for everyone

മുംബൈയില്‍ ഡോക്ടര്‍ക്ക് മൂന്നാം തവണയും കോവിഡ്; രണ്ട് തവണയും വാക്‌സിനെടുത്ത ശേഷം

SHARE THIS ON

മുംബൈ: മുംബൈയിൽ കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർക്ക് മൂന്നാം തവണയും കോവിഡ് സ്ഥിരീകരിച്ചു. വീർ സവർക്കർ ആശുപത്രിയിലെ 26 കാരിയായ ഡോ. ശ്രുഷ്തി ഹലാരിക്കാണ് വീണ്ടും രോഗം പിടിപെട്ടത്. കഴിഞ്ഞ 13 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിൽ രണ്ട് തവണ രോഗം പിടിപെട്ടത് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷമാണ്.

കഴിഞ്ഞ വർഷം ജൂൺ 17നാണ് ഡോക്ടർക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ചെറിയ ലക്ഷണങ്ങൾ മാത്രമേ അന്നു കാണിച്ചിരുന്നുള്ളു. ഈ വർഷം മാർച്ച് എട്ടിന് ഡോക്ടർ ഹലാരി കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസും ഏപ്രിൽ 29ന് രണ്ടാം ഡോസും സ്വീകരിച്ചിരുന്നു.


ഇതിനുപിന്നാലെ മേയ് 29ന് രണ്ടാമതും രോഗം സ്ഥിരീകരിച്ചു. ഇത്തവണയും ചെറിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ജൂലായ് 11നാണ് മൂന്നാം തവണയും കോവിഡ് പോസിറ്റിവായത്. ഇത്തവണ ഡോക്ടറുടെ മാതാപിതാക്കൾക്കും സഹോദരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.

മാതാപിതാക്കളും സഹോദരനും പ്രമേഹം, രക്തസമ്മർദം ഉൾപ്പെടെയുള്ള രോഗമുള്ളവരാണ്. കാര്യമായ രോഗലക്ഷണങ്ങൾ അലട്ടുന്നതിനാൽ നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. വൈറസിന്റെ ഏത് വകഭേദമാണ് ബാധിച്ചതെന്ന് തിരിച്ചറിയാൻ ഡോക്ടറുടെയും സഹോദരന്റെയും സാംപിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചാലും ആളുകളിൽ കോവിഡ് പിടിപെടാൻ സാധ്യതയുണ്ട്. വാക്സിൻ രോഗത്തിന്റെ തീവ്രത കുറച്ച് ആശുപത്രിയിൽ ചികിത്സ തേടേണ്ട സാധ്യത കുറയ്ക്കുക മാത്രമാണ് ചെയ്യുകയെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!