കോവിഡ് വ്യാപനം രൂക്ഷം; ജില്ലയുടെ തെക്കൻ മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

തൃക്കരിപ്പൂർ ∙ കോവിഡ് വ്യാപനം ആശങ്കയിലാഴ്ത്തുന്ന സാഹചര്യത്തിൽ ജില്ലയുടെ തെക്കൻ മേഖലയിൽ പൊലിസ് നിയന്ത്രണം കടുപ്പിച്ചു. റോഡുകളിലും കടകളിലും പരിശോധന ശക്തിപ്പെടുത്തിയാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. അനാവശ്യ യാത്രകൾ നടത്തുന്നവരെ പരിശോധിച്ച് ആവശ്യമെങ്കിൽ വാഹനങ്ങൾ പിടിച്ചെടുത്തു കേസ് റജിസ്റ്റർ ചെയ്യുന്നുണ്ട്. കോവിഡ് മാനദണ്ഡം പാടെ ലംഘിക്കുന്ന കാഴ്ച പലേടത്തുമുണ്ട്.
കഴിഞ്ഞ ദിവസം എടാട്ടുമ്മൽ ആലുംവളപ്പിൽ മൈതാനത്ത് ഫുട്ബോൾ കളിച്ചവർക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുത്തു. ഫുട്ബോൾ കളത്തിനരികിലുണ്ടായിരുന്ന പത്തോളം സൈക്കിളുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ കേന്ദ്രങ്ങളിൽ ആർടിപിസിആർ പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്. ഇന്നലെ തൃക്കരിപ്പൂർ ടൗണിൽ നടത്തിയ പരിശോധനയിൽ 642 പേർ പങ്കെടുത്തു. ചന്തേര പൊലീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, തൃക്കരിപ്പൂർ പഞ്ചായത്ത് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ചന്തേര സബ് ഇൻസ്പെക്ടർ പി.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, എഎസ്ഐ ടി.തമ്പാൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.എച്ച്.അബ്ദുൽ റഹീം, ജനറൽ സെക്രട്ടറി എ.ജി.നൂറുൽ അമീൻ, മാഷ് കോഓർഡിനേറ്റർ എൻ.കെ.ജയദീപ്, എം.പി.ബിജീഷ്, വി.പി.ഗോപാലകൃഷ്ണൻ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാരായ സുരേശൻ കാനം, പി.ആർ.ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. ഡി കാറ്റഗറിയിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ മാനദണ്ഡം ലംഘിച്ച് കടകളിൽ ചിലത് തുറന്നു പ്രവർത്തിക്കുന്നതായും മറ്റു ചിലത് നിർബന്ധിച്ചു അടപ്പിക്കുന്നതായും ആക്ഷേപമുയർന്നു. ഇതിനെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നും പറഞ്ഞു. വ്യാപാരികളിൽ ചിലരാണ് ഈ പരാതി ഉന്നയിച്ചത്.

