മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം റെക്കോർഡ് പിന്നിട്ടു ;
മാധ്യമങ്ങളോട് അകലം പാലിക്കുന്നുവെന്നും വാർത്താ സമ്മേളനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നും പഴികേട്ട മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡ് 19 കാലത്തു നടത്തിയ വാർത്താ സമ്മേളനങ്ങളുടെ എണ്ണം നൂറു കവിയുന്നു.

മാധ്യമങ്ങളോട് അകലം പാലിക്കുന്നുവെന്നും വാർത്താ സമ്മേളനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നും പഴികേട്ട മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് 19 കാലത്തു നടത്തിയ വാർത്താ സമ്മേളനങ്ങളുടെ എണ്ണം നൂറു കവിയുന്നു. ഒരു ഭരണാധികാരിയും ഒരു വിഷയത്തിൽ ഇത്രയേറെ തവണ മാധ്യമങ്ങളെ കണ്ടിട്ടുണ്ടാകില്ല എന്ന് മാധ്യമ ലോകം.
ജനുവരിയിലെ നിയമസഭാ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി ദൈനംദിന വാർത്താ സമ്മേളനം ആരംഭിച്ചത്. കോവിഡ് വിവരങ്ങൾ സവിസ്തരം. മിക്ക ദിവസവും ഒരുമണിക്കൂർ നീളുന്ന വാർത്താ സമ്മേളനം. ആദ്യം വൈകീട്ട് ആറുമണിക്ക് തുടങ്ങി ഏഴിന് അവസാനിക്കും വിധമായിരുന്നു. റമദാൻ കാലത്തു സമഠത്തിൽ മാറ്റം വരുത്തി-അഞ്ചു മുതൽ ആറുവരെ. റമദാൻ കഴിഞ്ഞപ്പോൾ പഴയ സമയം വീണ്ടും.
അന്നന്നത്തെ കൊറോണ വ്യാപനത്തിന്റെ കണക്കുകൾ മുതൽ ലോക്ക് ടൗണിൽ കഷ്ടപ്പെടുന്നവരുടെയും സഹായം വേണ്ടവരുടെയും സൂക്ഷ്മ വിവരങ്ങൾ വരെ മുഖ്യമന്ത്രി പ്രതിപാദിച്ചു. മനുഷ്യർ മാത്രമല്ല വലതു മൃഗങ്ങളും തെരുവ് നായ്ക്കളും ക്ഷേത്രക്കുരങ്ങുകളും പരാമർശ വിഷയങ്ങളായി.
വാർത്താ ചാനലുകളാകെ വാർത്താ സമ്മേളനങ്ങൾ ലൈവായി സംപ്രേഷണം ചെയ്തു. സോഷ്യൽ മീഡിയാ ലൈവ് അതിനു പുറമെ. മറ്റെല്ലാ പരിപാടികളെയും കവച്ചു വെച്ചാണ് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനങ്ങൾ ടിവിയിലും സോഷ്യൽ മീഡിയയിലും തരംഗം സൃഷ്ടിച്ചത്. കേൾക്കുന്നവർക്ക് കുറിച്ചെടുക്കാൻ പാകത്തിൽ വ്യക്തതയോടെ സാവകാശത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. സഹായങ്ങൾ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനയുടെയും കോവിഡ് കാല സഹായങ്ങളുടെയും വിവരം പട്ടിക രൂപത്തിൽ മുഖ്യമന്ത്രി വായിക്കുന്നതും പുതുമയായി. വിഷുക്കൈനീട്ടമായി കിട്ടിയതും സക്കാത്ത് കിട്ടിയതുമായ ചെറുതുകകൾ അയച്ച കുഞ്ഞുങ്ങളുടെ പേരുകൾ വായിച്ചു. ജീവിത സമ്പാദ്യമായ ആടിനെയും വാർധക്യ -ക്ഷേമ പെൻഷൻ തുകയും മറ്റും സംഭാവന നൽകിയ വയോജനങ്ങൾ വാർത്താ സമ്മേളനങ്ങളിലൂടെ വാർത്താ വിഷയങ്ങളായി. കുഞ്ഞുങ്ങൾ മുതൽ വയോവൃദ്ധർ വരെ എന്നും കാത്തിരിക്കുന്ന ഒന്നായി എല്ലാ വാർത്താ സമ്മേളനങ്ങളും.

