മേരി കോമിന്റെ ജഴ്സി മാറ്റി സംഘാടകര്‍; മത്സരിച്ചത് ഇന്ത്യന്‍ പതാകയും പേരുമില്ലാത്ത ജഴ്സി അണിഞ്ഞ്

ടോക്യോ: ഒളിമ്പിക്സിൽ ബോക്സിങ് പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ലോറെന വലൻസിയക്കെതിരേ ഇന്ത്യൻ താരം മേരികോം റിങ്ങിലിറങ്ങിയത് ഇന്ത്യയുടെ പതാകയില്ലാത്ത ജഴ്സി അണിഞ്ഞ്. നീല ജഴ്സിയിൽ മേരികോമിന്റെ പേരുമുണ്ടായിരുന്നില്ല. ഇന്ത്യൻ പതാകയുള്ള മേരി കോം എന്ന് എഴുതിയ ജഴ്സി അണിഞ്ഞാണ് താരം മത്സരത്തിനെത്തിയത്. എന്നാൽ ജഴ്സിയിൽ മേരി കോം എന്ന് മുഴുവൻ പേര് പറ്റില്ലെന്നും ആദ്യ പേര് മാത്രമേ എഴുതാൻ പാടുള്ളുവെന്നും സംഘാടകർ വ്യക്തമാക്കി. തുടർന്ന് ജഴ്സി മാറ്റാൻ ആവശ്യപ്പെട്ടു. പകരം ഒന്നും എഴുതാത്ത ഒരു നീല ജഴ്സി നൽകി. അതു ധരിച്ചാണ് ഇന്ത്യൻ താരം മത്സരിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് ബോക്സിങ്ങിൽ മേരി കോം തോറ്റു പുറത്തായി. 3-2നായിരുന്നു തോൽവി. 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ലോറെന, മേരി കോമിന് കടുത്ത മത്സരമാണ് നൽകിയത്. ആദ്യ റൗണ്ടിൽ ലോറെന ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ താരത്തിന് അടിതെറ്റി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുൻതൂക്കം നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. ആദ്യ റൗണ്ട് മത്സരഫലം നിർണയിച്ചു.

