പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടു; കമിതാക്കള്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കള്‍ അറസ്റ്റില്‍. പള്ളിമണ്‍ സ്വദേശി ഷരീഫ് (38), മുട്ടക്കാവ് സ്വദേശിനി മുബീന (33) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കണ്ണനല്ലൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിയെത്തി കൊട്ടിയത്തെ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന് ആഗസ്ത് 19ന് ഭക്ഷണവുമായി ചെന്ന ശേഷമാണ് മുബീനയെ കാണാതാകുന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ചുള്ള ബന്ധുക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷരീഫിന്റെ ഭാര്യ പൊലീസിനെ സമീപിക്കുന്നത്. യുവതിക്കും യുവാവിനും പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ വീതമുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇരുവരും ഒരുമിച്ചാണ് പോയതെന്ന് പൊലീസിന് ബോധ്യപ്പെട്ടിരുന്നു. ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണനല്ലൂര്‍ എസ് എച്ച് ഒ യുപി വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടിയത്.

