കള്ളനെപ്പോലെ അടുക്കളവാതിലിലൂടെ എത്തി; കുത്തിയത് 33 തവണ, പരിക്കേറ്റിട്ടും ഒടുങ്ങാത്ത ക്രിമിനലിന്റെ പക

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പ്രതികാരം കൊലപാതകത്തിൽ കലാശിക്കുന്നത് ആവർത്തിക്കപ്പെടുന്ന ദുരവസ്ഥയാണ് കേരളം കാണുന്നത്. നിരവധി കേസുകളിലെ പ്രതിയും ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ കൊടും ക്രൂരതയിൽ പൊലിഞ്ഞത് സൂര്യഗായത്രിയെന്ന പെൺകുട്ടിയുടെ ജീവനാണ്.
കോതമംഗലത്ത് കണ്ണൂർ സ്വദേശി മാനസയെ രഖിൽ എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് തിരുവനന്തപുരത്ത് സമാനമായ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലാനുപയോഗിച്ച ആയുധം ഒഴികെ രണ്ട് കേസിലേയും പ്രതികളുടെ ക്രൂരതയും മാനസികനിലയും സമാനമാണ്. തന്നോടൊപ്പം ജീവിക്കാൻ തയ്യാറായില്ലെങ്കിൽ ഈ ഭൂമിയിൽ തന്നെ ‘അവൾ’ ജീവിക്കരുതെന്ന മാനസികവൈകല്യം സമാനമാണ്.
എല്ലാം മുൻകൂട്ടി തീരുമാനിച്ച് അരുൺ
തിരുവനന്തപുരം നെടുമങ്ങാടിന് സമീപം കരിപ്പൂരിൽ സൂര്യഗായത്രിയെന്ന 20കാരിയെ അരുൺ കൊലപ്പെടുത്തിയത് മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് സൂര്യഗായത്രി താമസിക്കുന്ന വാടകവീട്ടിലേക്ക് അരുൺ എത്തിയത്. വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിൽ ഉച്ചതിരിഞ്ഞ് രണ്ടരമണിയോടെ എത്തിയ അരുൺ അടുക്കളവാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും ഒരു കാരണവശാലും വിവാഹം കഴിക്കാൻ തയ്യാറല്ലെന്നും സൂര്യഗായത്രി തറപ്പിച്ച് പറഞ്ഞതോടെ കയ്യിൽ കരുതിയ കത്തികൊണ്ട് ശരീരമാസകലം ആവർത്തിച്ച് കുത്തുകയായിരുന്നു. അതിന് ശേഷം മരണം ഉറപ്പിക്കാൻ സൂര്യയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു.
കുത്തിയത് 33 തവണ, സ്വയം പരിക്കേറ്റിട്ടും ഒടുങ്ങാതെ പക
സൂര്യഗായത്രിയെ അരുൺ കത്തി കൊണ്ട് കുത്തിയത് 33 തവണയാണ്. തല മുതൽ പാദം വരെ പരിക്കേൽപ്പിച്ചു. തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിലേയും ആന്തരികാവയവങ്ങൾ തകർത്ത കുത്തുകളുമാണ് സൂര്യയെ മരണത്തിലേക്കു നയിച്ചത്. സൂര്യയെ കുത്തുന്നതിനിടയിൽ സ്വന്തം കൈ ആഴത്തിൽ മുറിഞ്ഞിട്ടും അരുൺ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാൻശ്രമിക്കുന്നതുകണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുൺ മുറിവേറ്റ വലതുകൈകൊണ്ട് സൂര്യഗായത്രിയെ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാൾ ചവിട്ടി താഴെതള്ളിയിട്ട് മർദിച്ചു. ശിവദാസൻ നിലവിളിച്ചുകൊണ്ട് പുറത്തേക്കു ഓടിയതോടെയാണ് കൊലയാളിയെക്കുറിച്ചുള്ള വിവരം അയൽക്കാർ അറിഞ്ഞത്. അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അരുൺ സമീപത്തെ പൊന്തക്കാട്ടിലും അവിടെ നിന്നും മറ്റൊരു വീടിന്റെ ടെറസ്സിലേക്കും ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നാട്ടുകാരും പോലീസും ചേർന്ന് പിടിച്ചത്.
എന്തിന് ഇത്ര പക? മറുപടി കുറ്റബോധം ലവലേശമില്ലാതെ
അരുൺ തന്റെ ഇഷ്ടവും വിവാഹം കഴിക്കണമെന്ന ആഗ്രഹവും സൂര്യയേ മുൻപും അറിയിച്ചിരുന്നു. എന്നാൽ പ്രണയാഭ്യർത്ഥന സൂര്യഗായത്രി നിരസിച്ചു. അതിന് ശേഷം കൊല്ലം സ്വദേശിയായ മറ്റൊരാളെ വിവാഹം കഴിയുകയും ചെയ്തു. പിന്നീട് ഭർത്താവുമായുള്ള അസ്വാരസ്യങ്ങളും വിവാഹമോചനക്കേസുമൊക്കെ ആയതോടെയാണ് സൂര്യ ആറ് മാസം മുൻപ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.
ഇതറിഞ്ഞ അരുൺ വീണ്ടും വിവാഹാഭ്യർത്ഥനയുമായി എത്തിയെങ്കിലും വീണ്ടും സൂര്യ അത് നിരസിച്ചു. വഴിയിൽ തടഞ്ഞ് നിർത്തിയുള്ള ശല്യം ചെയ്യൽ കൂടിയായപ്പോൾ നാല് മാസം മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. അതിന് ശേഷം അരുണിന്റെ ശല്യമില്ലായിരുന്നു. ഒടുവിൽ തിങ്കളാഴചയാണ് വീണ്ടും ഇയാൾ സൂര്യയെ കാണാനെത്തിയത്.
ആക്രമിച്ചതിന് പിന്നാലെ കസ്റ്റഡിയിലായപ്പോഴും പോലീസ് ചോദിച്ച ചോദ്യങ്ങളോട് ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി മറുപടി നൽകിയത്. അരുണിന് സൂര്യയോട് ഇത്രയേറെ പക എന്തിനെന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥർക്കും വ്യക്തമായ മറുപടിയില്ല. പോലീസിന്റെ ചോദ്യങ്ങൾക്ക് ഓരോന്നിനും അരുൺ കൂസലില്ലാതെയാണ് മറുപടിനൽകിയത്.
കൊലപാതകം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്
മൂന്ന് വർഷം മുൻപാണ് അരുൺ ആദ്യമായി സൂര്യഗായത്രിയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. നിരവധി കേസുകളിലെ പ്രതിയും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയുമായതിനാൽ സൂര്യഗായത്രി അരുണിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചു. വിവാഹബന്ധത്തിൽ വീണത് തിരിച്ചറിഞ്ഞാണ് അരുൺ വീണ്ടും പ്രണയാഭ്യർത്ഥനയുമായി വന്നത്. ഇതും നിരസിച്ചതോടെ കൊല്ലണമെന്ന് ഉറപ്പിച്ചു. കയ്യിൽ ആയുധവും വ്യാജ നമ്പർ പതിച്ച ബൈക്കും തയ്യാറാക്കിയാണ് അരുൺ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. അവസാനമായി ഒരിക്കൽകൂടി വിവാഹാഭ്യർത്ഥന നടത്തുക. അതും നിരസിച്ചാൽ കൊലപ്പെടുത്തുക എന്നതായിരുന്നു അരുൺ തീരുമാനിച്ചുറപ്പിച്ചത്. ഇത് തന്നെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതി നടപ്പിലാക്കിയതും.
സഹായിക്കാൻ ഇനി സൂര്യയില്ല
നെടുമങ്ങാട്: ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് ഊന്നുവടിയായിരുന്നു സൂര്യഗായത്രി. അമ്മ വത്സല നിലത്തിഴഞ്ഞ് ലോട്ടറി വിൽക്കുന്നതുകണ്ടാണ് സൂര്യ വളർന്നത്. അച്ഛന്റെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. മറ്റുള്ളവർക്കായി ഭാഗ്യം വിൽക്കുമ്പോഴും പട്ടിണിയിലായ കുടുംബത്തെ കരകയറ്റാൻ മൂവരും ചേർന്നാണ് ജീവിതത്തിന്റെ മുച്ചക്രവണ്ടി തള്ളിയിരുന്നത്.
അമ്പലനടയിലും തിരക്കുള്ള സ്ഥലങ്ങളിലും അച്ഛനും അമ്മയും മകളും അടങ്ങുന്ന ചിത്രം നെടുമങ്ങാടുകാർക്ക് മറക്കാനാവില്ല. എന്നാൽ, ഇനി ഈ കുടുംബചിത്രത്തിൽ സൂര്യഗായത്രിയില്ല. പഠിക്കാൻ മിടുക്കിയായിരുന്നിട്ടും ജീവിത സാഹചര്യങ്ങൾ സൂര്യയെ അതിന് അനുവദിച്ചില്ല. മുന്നിൽ പട്ടിണിയും പിന്നിൽ ജീവിതവും വെല്ലുവിളിയായപ്പോൾ പ്ലസ്ടുവിനു ശേഷം സൂര്യയും അച്ഛനമ്മമാരെ സഹായിക്കാനായി ലോട്ടറിവിൽപ്പനയിലേക്കു ഇറങ്ങുകയായിരുന്നു.

