യുവതിയുടെ മൃതദേഹം ഒപ്പമുണ്ടായിരുന്ന യുവാവിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

അടിമാലി: ആഴ്ചകൾക്ക് മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ. തങ്കമണി സ്വദേശിനി താമമഠത്തിൽ (വലിയപറമ്പിൽ) സിന്ധു (44)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മറവുചെയ്തശേഷം തറ പുതുക്കി നിർമിച്ച നിലയിലായിരുന്നു. പഴക്കം തോന്നിക്കാൻ ഇതിനുമുകളിൽ ചാരവും പൂശിയിരുന്നു. ഒപ്പം താമസിച്ചിരുന്ന സിന്ധുവിന്റെ ഇളയമകന് തോന്നിയ സംശയമാണ് മൃതദേഹം കണ്ടെത്താൻ സഹായകമായത്.
സിന്ധുവിനൊപ്പം താമസിച്ചിരുന്ന, പ്രതിയെന്ന് സംശയിക്കുന്ന പണിക്കൻകുടി മാണികുന്നേൽ ബിനോയി കഴിഞ്ഞ മാസം 16 മുതൽ ഒളിവിലാണ്. സിന്ധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വെള്ളിയാഴ്ച വീടിനുള്ളിൽ കയറി തറമാന്തി പരിശോധിക്കുകയായിരുന്നു. ആറടി താഴ്ചയിൽ, പുഴുവരിച്ച അവസ്ഥയിലുള്ള മൃതദേഹത്തിന് 25 ദിവസത്തെ പഴക്കമുണ്ട്. കണ്ടെത്തുമ്പോൾ കൈ മുകളിലേക്ക് ഉയർന്ന നിലയിലായിരുന്നു.
25 ദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്. അമ്മ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തുന്നതിനിടെ ബിനോയിയെയും കാണാതായി. സിന്ധുവിനെ കൊലപ്പെടുത്തിയശേഷം ബിനോയ് തന്നെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടെന്നാണ് പോലീസിന്റെ നിഗമനം. ഭർത്താവുമായി പിണങ്ങി പണിക്കൻകുടിയിലെ വാടകവീട്ടിലായിരുന്നു ആദ്യം സിന്ധു താമസിച്ചിരുന്നത്. പിന്നീട് ബിനോയിയുമായി അടുപ്പത്തിലാവുകയും ഇയാളുടെ വീട്ടിൽ താമസം ആരംഭിക്കുകയും ചെയ്തു.
അടുത്തിടെ ഇരുവരും തമ്മിൽ വാക്കേറ്റവും കലഹവും നടന്നിരുന്നതായി പോലീസ് പറഞ്ഞു. സിന്ധുവിനെ ബിനോയ് നിരന്തരം മർദിച്ചിരുന്നു. അവരെ കാണാതായതിന് ശേഷം ബിനോയിയുടെ പെരുമാറ്റത്തിലും സംസാരത്തിലും വ്യത്യാസമുണ്ടായി. ഇതോടെയാണ് സിന്ധുവിന്റെ അമ്മ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയത്.
ശനിയാഴ്ച രാവിലെ ഇടുക്കി ഡിവൈ.എസ്.പി. ഇമ്മാനുവൽ പോൾ സംഭവസ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. തഹസിൽദാർ, വിരലടയാള വിദഗ്ധർ, പോലീസ് സ്ക്വാഡും പരിശോധന നടത്തും. അതിന് ശേഷമേ മൃതദേഹം കുഴിയിൽനിന്ന് പുറത്തെടുക്കൂ.
തമിഴ്നാട്ടിലും കേരളത്തിലുമായി ബിനോയി കറങ്ങി നടക്കുന്നതായി ഫോൺ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തൂവൽ ഹൗസ് ഓഫീസർ ആർ.കുമാർ, എസ്.ഐ.മാർ രാജേഷ് കുമാർ, സജി എൻ.പോൾ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആര്യ, അരുൺ, അഖിൽ എന്നിവരാണ് സിന്ധുവിന്റെ മക്കൾ. ഇതിൽ അഖിലാണ് സിന്ധുവിനും ബിനോയിക്കും ഒപ്പം താമസിച്ചിരുന്നത്.
കൃത്യം പൂർത്തിയാക്കിയത് വ്യക്തമായ ആസൂത്രണത്തോടെ
അടിമാലി:പണിക്കൻകുടി കൊലപാതകത്തിൽ ബിനോയി കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തോടെ. കഴിഞ്ഞ ഒാഗസ്റ്റ് 11, 12, തീയതികളിൽ രണ്ട് ദിവസംകൊണ്ടാകാം കൃത്യം പൂർത്തിയാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകം മുൻകൂട്ടി തയ്യാറാക്കിയിരുന്നു. ഇതിനായി സിന്ധുവിന്റെ മകനെ വീട്ടിൽനിന്ന് മാറ്റി.
ബിനോയി നേരിട്ടാണ് മകനെ ബന്ധുവീട്ടിൽ എത്തിച്ചത്. ഒാഗസ്റ്റ് 10 മുതൽ 13 വരെ ഇളയ മകൻ അവിടെയായിരുന്നു. ഓഗസ്റ്റ് 11-ന് സിന്ധു തന്റെ മകളെ വിളിച്ച് ബിനോയിയുടെ ഉപദ്രവം സംബന്ധിച്ച് കരഞ്ഞുകൊണ്ട് ഫോണിൽ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് കൊലപാതകം നടന്നത്.
ഒരുദിവസംകൊണ്ട് ഇത്രയും ഭംഗിയായി അടുപ്പ് തിണ്ണ കെട്ടാൻ കഴിയില്ല. ഇതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് നായ അടക്കം വീട്ടിലും അടുക്കളയിലും പരിശോധന നടത്തിയതാണ്. എന്നാൽ, പുതിയ നിർമാണം തിരിച്ചറിയാനായില്ല. അത്രയ്ക്ക് കുറ്റമറ്റ രീതിയിലായിരുന്നു അടുക്കളയിലെ നിർമാണം. അയൽവാസികളുമായി അത്ര ബന്ധത്തിലായിരുന്നില്ല ബിനോയിയുടെ വീട്

