നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം, ശില്‍പഷെട്ടിയുടെ സാക്ഷിമൊഴിയും

മുംബൈ: വിവാദമായ നീലച്ചിത്ര നിർമാണ കേസിൽ മുംബൈ പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞദിവസമാണ് മുംബൈയിലെ കോടതിയിൽ 1500-ഓളം പേജ് വരുന്ന കുറ്റപത്രം സമർപ്പിച്ചത്. വ്യവസായിയായ രാജ് കുന്ദ്രയാണ് കേസിലെ മുഖ്യസൂത്രധാരനെന്നും കുന്ദ്രയും മറ്റ് പ്രതികളും ചേർന്ന് യുവതികളെ ചൂഷണം ചെയ്ത് അശ്ലീലവീഡിയോകൾ ചിത്രീകരിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
നീലച്ചിത്ര നിർമാണ കേസിൽ രാജ് കുന്ദ്രയും കൂട്ടാളി റയാൻ തോർപും അറസ്റ്റിലായതിന് പിന്നാലെയാണ് പോലീസ് സംഘം അനുബന്ധ കുറ്റപത്രം നൽകിയത്. സിങ്കപ്പൂരിൽ താമസിക്കുന്ന യാഷ് ഠാക്കൂർ, ലണ്ടനിൽ താമസിക്കുന്ന പ്രദീപ് ബക്ഷി എന്നിവരെ പിടികൂടാനുണ്ടെന്നും പുതിയ കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിലെ ഒമ്പത് പ്രതികൾക്കെതിരേ കഴിഞ്ഞ ഏപ്രിലിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു.
സാങ്കേതിക പരിശോധനകളിൽനിന്നും സാക്ഷിമൊഴികളിൽനിന്നും രാജ് കുന്ദ്രക്കെതിരേ നിരവധി തെളിവുകൾ ലഭിച്ചെന്നാണ് പോലീസിന്റെ വാദം. ഭാര്യയും നടിയുമായ ശിൽപ ഷെട്ടി, നടി ഷെർലിൻ ചോപ്ര എന്നിവരുൾപ്പെടെ 43 പേരുടെ സാക്ഷിമൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സിനിമകളിൽ അവസരം കിട്ടാൻ കാത്തിരുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെയാണ് നീലച്ചിത്ര നിർമാണത്തിന് ഉപയോഗിച്ചതെന്നും ഈ ദൃശ്യങ്ങൾ വിവിധ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും അപ് ലോഡ് ചെയ്ത് രാജ് കുന്ദ്ര അനധികൃതമായി കോടികൾ സമ്പാദിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. നീലച്ചിത്ര റാക്കറ്റിൽ കുരുങ്ങിയ യുവതികളെല്ലാം വഞ്ചിക്കപ്പെട്ടു. അവർക്ക് ഒരുതരത്തിലുള്ള പ്രതിഫലമോ നഷ്ടപരിഹാരമോ നൽകിയില്ല. മാത്രമല്ല, അന്വേഷണം ആരംഭിച്ചതോടെ രാജ് കുന്ദ്രയും റയാൻ തോർപ്പും നിർണായക ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചെന്നും കുറ്റപത്രത്തിലുണ്ട്.
ഈ വർഷമാദ്യം മുംബൈയിലെ മലാദിലെ ബംഗ്ലാവിൽ പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നീലച്ചിത്ര നിർമാണ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കേസിൽ അഭിനേതാക്കളും സിനിമാപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ആദ്യഘട്ടത്തിൽ അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലായത്.
അതേസമയം, ഭർത്താവിനെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ച ദിവസം ശിൽപ ഷെട്ടി കശ്മീരിലായിരുന്നുവെന്ന് വിവിധ മാധ്യമങ്ങളും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശിൽപ ഷെട്ടിയുടെ ചിത്രങ്ങളും വാർത്താഏജൻസികൾ പുറത്തുവിട്ടിരുന്നു.

