KSDLIVENEWS

Real news for everyone

ഞങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികളല്ലേ’; ഹരിത വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി

SHARE THIS ON

കൊച്ചി: ഹരിത വിഷയം വിശദമായി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിഷയം മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചെന്നും ഇക്കാര്യത്തില്‍ ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘വിഷയത്തില്‍ ഇന്ന് മലപ്പുറത്ത് സാദിഖലി തങ്ങള്‍ വ്യക്തതയോട് കൂടി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. തീരുമാനങ്ങള്‍ കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് എടുക്കുന്നതാണ്. ഇടി മുഹമ്മദ് ബഷീറുമായും എംകെ മുനീറുമായും മറ്റു നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങള്‍ ദേശീയ കമ്മിറ്റിയെടുത്തതാണ്. ചിലത് സംസ്ഥാന കമ്മിറ്റിയെടുത്തതാണ്. എല്ലാം ചര്‍ച്ച ചെയ്യും.’- അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിംലീഗ് പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന പെണ്‍കുട്ടികളാണ് ഹരിത നേതാക്കളെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ‘ഞങ്ങള് വളര്‍ത്തിക്കൊണ്ടുവരുന്ന കുട്ടികളാണ് ഇവര്‍. അവരൊക്കെ എത്ര പ്രഗത്ഭരാണ്. ഞങ്ങളുടെ മുന്‍കാല നേതാക്കള്‍ സ്ത്രീവിദ്യാഭ്യാസത്തിനു വേണ്ടി, അവരുടെ ഉന്നതിക്ക് വേണ്ടി, അവര്‍ക്കു വേണ്ടി സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി വലിയ ത്യാഗം സഹിച്ചിട്ടാണ് ഇന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പ്രൊഫഷണല്‍ കോളജുകളില്‍ ഉള്‍പ്പെടെ പഠിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും വലിയ ബന്ധമുണ്ട്. അതാണ് മൈനോറിറ്റി പൊളിറ്റിക്‌സ് എന്ന് അവരൊക്കെ പറയുന്നത്.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ചന്ദ്രിക കേസില്‍ ഇ.ഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്നും സാക്ഷിമൊഴി നല്‍കാനാണ് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പലകേസുകളിലെയും പോലെ ഇതിലും രാഷ്ട്രീയമുണ്ടാകാം. പത്രം നടത്തിപ്പ് എഴുതിവെച്ച പോലെ നടക്കില്ല. പല പ്രശ്നങ്ങളും എല്ലാവരും നേരിടേണ്ടിവരും. അതിലപ്പുറമൊന്നും ചന്ദ്രികക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ രണ്ടിന് ഇഡി വിളിപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയില്‍ അയച്ച്‌ അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താന്‍ ഇ.ഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് അറിയിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!