കാസർകോടൻ തീരത്ത് വീണ്ടും ചവിട്ടുവലക്കാലം; ആദ്യ ദിനത്തിൽ വല നിറയെ മത്സ്യം

കുമ്പള ∙ കോവിഡ് കാലത്ത് തൊഴിലിൽ ഇല്ലാതെ ദുരിതത്തിലായ ചവിട്ട് വല മത്സ്യത്തൊഴിലാളികൾ ഒന്നര വർഷത്തിന് ശേഷം വലയെറിഞ്ഞു. ആദ്യ ദിനത്തിൽ വല നിറയെ മത്സ്യവും കിട്ടിയതിന്റെ സന്തോഷത്തിലാണു മത്സ്യത്തൊഴിലാളികൾ. ഇനിയുള്ള ദിവസങ്ങളിലും കടലമ്മ കനിയുമെന്ന പ്രതീക്ഷയിലാണ് പെർവാഡ്, മൊഗ്രാൽ പ്രദേശങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.
തോണികളിൽ കടലിൽ പോയി വലയെറിഞ്ഞു കരയിൽ നിന്നു ഇരു ഭാഗങ്ങളിലായി വലിച്ചെടുക്കുന്നതാണ് ചവിട്ട് വല എന്ന പേരിൽ അറിയപ്പെടുന്നത്. ഈ മത്സ്യബന്ധനത്തിന് 75 വർഷത്തെ പഴക്കമുണ്ട്. പഴയകാലത്ത് ആയിരക്കണക്കിനാളുകൾ ഈ മേഖലയിലുണ്ടായിരുന്നു. എന്നാൽ മത്സ്യം കുറഞ്ഞതോടെ തൊഴിലാളികൾ മറ്റു വഴികൾ തേടി പോയി. ഇപ്പോൾ നൂറോളം പേർ മാത്രമാണ് ചവിട്ട് വലയെ ആശ്രയിച്ചു തൊഴിലെടുക്കുന്നത്.

