വയോധികയുടെ കയ്യിലെ വള മോഷ്ടാവ് ഊരിയെടുത്തു; ബഹളം വച്ച പേരക്കുട്ടിയുടെ നേരെ മുളകുപൊടി വിതറി

കാഞ്ഞങ്ങാട് ∙ ഉറങ്ങിക്കിടന്ന വയോധികയുടെ കയ്യിൽ നിന്നു 2 പവൻ തൂക്കം വരുന്ന സ്വർണ വള ഊരിയെടുത്തു. സംഭവം കണ്ട് ബഹളം വച്ച പേരക്കുട്ടിയുടെ നേരെ മുളകു പൊടി വിതറി കള്ളൻ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ അജാനൂർ കൊളവയലിലെ പരേതനായ ചേരി അബൂബക്കറിന്റെ വീട്ടിലാണ് സംഭവം. ഇദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ (72)യുടെ സ്വർണവളയാണ് കള്ളൻ ഊരിയെടുത്തത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഫാത്തിമയും പ്ലസ് ടു വിദ്യാർഥിനിയായ പേര മകൾ ലിംസയും ഒരേ മുറിയിലാണ് കിടക്കുന്നത്. വീടിന്റെ രണ്ടാം നിലയിലെ വാതിൽ വഴി അകത്തു കടന്ന കള്ളൻ ഉറങ്ങിക്കിടന്ന ഇവരുടെ കയ്യിൽ നിന്ന് വള ഊരിയെടുക്കുകയായിരുന്നു. അടുക്കളയിലെത്തി മുളകു പൊടിയെടുത്ത ശേഷമാണ് കള്ളൻ ഫാത്തിമയുടെ കിടപ്പുമുറിയിൽ കയറിയത്. ഒരു കയ്യിലെ വള ഊരിയെടുക്കുന്നതുവരെ ഇവർ അറിഞ്ഞില്ല. രണ്ടാമത്തെ കയ്യിലെ വള ഊരിയെടുക്കുന്നതിനിടയിൽ ഫാത്തിമ ഞെട്ടി ഉണർന്ന് ബഹളം വച്ചു.
ബഹളം കേട്ട് ഉണർന്ന ലിംസയും ശബ്ദമുണ്ടാക്കി. ഇതോടെ അക്രമി ലിംസയുടെ കണ്ണിൽ മുളകുപൊടി വിതറുകയും കഴുത്തു ഞെരിക്കുകയും ചെയ്തശേഷം രണ്ട് വളയും സഹിതംരക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സ്ഥലത്തെത്തി അയൽവാസികൾ കള്ളനെ തിരഞ്ഞെങ്കിലും കിട്ടിയില്ല.

