മോണ്‍സനെയും സംസ്ഥാന സര്‍ക്കാറിനെയും തമ്മില്‍ ബന്ധിപ്പിച്ച ഇടനിലക്കാരിയെപറ്റി അന്വേഷിക്കണം- കെ സുരേന്ദ്രന്‍

പാലക്കാട്: മോന്‍സന്‍ മാവുങ്കലിനെയും സംസ്ഥാന സര്‍ക്കാറിനെയും തമ്മില്‍ ബന്ധിപ്പിച്ച ഇടനിലക്കാരിയെപറ്റി അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇടനിലക്കാരിക്ക് അഖില കേരള സഭയില്‍ നിര്‍ണായക പങ്കാളിത്തമുണ്ടായെന്നാണ് സംശയിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ പല വിദേശയാത്രകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ടെന്ന വിവരങ്ങളുണ്ട്. ഇടനിലക്കാരും അധികാരത്തിന്‍റെ ഇടനാഴിയില്‍ അഴിമതിക്ക് വേണ്ടി സഹായിച്ചവരും കുടുങ്ങണമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാരുമായും ഐ.എ.എസുകാരുമായും രാഷ്ട്രീയ നേതാക്കളുമായുമുള്ള മോന്‍സന്‍റെ ബന്ധം ക്രൈബ്രാഞ്ച് അന്വേഷിച്ചാല്‍ പുറത്തു കൊണ്ടു വരാനാവില്ല.
സര്‍ക്കാറിനെ ആദ്യം മുതല്‍ നയിക്കുന്നത് ഇടനിലക്കാരികളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവര്‍ക്കെങ്ങനെ തന്‍റെ സര്‍ക്കാറില്‍ ഇത്രയും സ്വാധീനമുണ്ടാവുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
മോന്‍സണുമായി ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് അന്വേഷിക്കണ്ടെന്ന സര്‍ക്കാറിന്‍റെ നിലപാട് ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ്. മുഖ്യമന്ത്രിയുടെ മൗനം എന്താണെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദരന്‍ വിമര്‍ശിച്ചു.

